ന്യൂഡൽഹി: കേന്ദ്ര ലളിതകലാ അക്കാദമിയുടെ പതിനഞ്ചാമത് ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 70 ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രണ്ടു വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകുന്നത്. 30 മുതൽ 50 വരെ വയസുള്ളവരുടെ വിഭാഗത്തിൽ 15 പേരെ പുരസ്കാരത്തിനു തെരഞ്ഞെടുത്തു. ഇതിൽ കേരളത്തിൽ നിന്നുള്ള പ്രദീപ് പ്രതാപ് (കോട്ടയം) ഉൾപ്പെടുന്നു.
50 വയസിനു മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ അഞ്ചു പേരെയും തെരഞ്ഞെടുത്തു. അങ്കമാലിയിൽ നിന്നുള്ള കെ.ആർ. കുമാരൻ ഈ വിഭാഗത്തിൽ പുരസ്കാരത്തിനർഹനായി.
പുരസ്കാരത്തിനർഹരായവരുടെ സൃഷ്ടികൾ കേന്ദ്ര ലളിത കലാ അക്കാദമിയുടെ ദേശീയ കലാ പ്രദർശനത്തിൽ (നാഷണൽ
എക്സിബിഷൻ ഓഫ് ആർട്സിൽ) പ്രദർശിപ്പിക്കും. പെയിന്റിംഗുകൾ, ശിൽപങ്ങൾ, ഗ്രാഫിക്സ്, ഫോട്ടോഗ്രാഫുകൾ, വരകൾ, ഇൻസ്റ്റലേഷൻ, മൾട്ടി മീഡിയ എന്നിവയാണ് ദേശീയ കലാ പ്രദർശനത്തിലുണ്ടാവുക.
ബോസ് കൃഷ്ണമാചാരി, മനു പരേഖ്, കെ.എസ്. രാധാകൃഷ്ണൻ, അദ്വൈത ഗഡനായക്, ജ്യോതി ഭട്ട്, എൽ.എൻ. താല്ലൂർ, എൻ.പുഷ്പമാല എന്നിവർ പ്രദർശനത്തിലെ പ്രത്യേക ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു.
കേന്ദ്ര ലളിതകലാ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
12:41 AM Jan 16, 2018 | Deepika.com