ന്യൂഡൽഹി: സുപ്രീംകോടതി വിഷയത്തിൽ ഇടപെടില്ലെന്നു വ്യക്തമാക്കി കേന്ദ്ര സർക്കാർ. നാലു മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റീസിനോടു വിയോജിപ്പു പ്രകടിപ്പിച്ച വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടില്ലെന്ന് കേന്ദ്ര നിയമസഹമന്ത്രി പി.പി ചൗധരിയാണു വ്യക്തമാക്കിയത്.
സുപ്രീംകോടതി തന്നെ ഈ വിഷയത്തിൽ പരിഹാരം കണ്ടെത്തും. ലോകത്തിൽ തന്നെ ഏറ്റവും മികച്ച നീതിന്യായ സംവിധാനമാണു നമ്മുടേത്. സുപ്രീംകോടതി സ്വതന്ത്രമാണ്. ഈ വിഷയത്തിൽ കോടതി സ്വമേധയാ തന്നെ പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
കോടതിയുടെ ആഭ്യന്തര വിഷയമായതിനാൽ സർക്കാർ ഈ വിഷയത്തിൽ ഇടപെടില്ലെന്നാണ് മറ്റു സർക്കാർ വൃത്തങ്ങളും വ്യക്തമാക്കുന്നത്.
ജനങ്ങളുടെ വിശ്വാസം ആർജിക്കുവാൻ വേണ്ടി സുപ്രീംകോടതി എത്രയും വേഗം ഈ വിഷയത്തിൽ പരിഹാരം കണ്ടെത്തണമെന്നാണു സർക്കാരിന്റെ നിലപാട്.
സുപ്രീംകോടതി വിഷയത്തിൽ സർക്കാർ ഇടപെടില്ലെന്ന് നിയമ സഹമന്ത്രി
02:12 AM Jan 13, 2018 | Deepika.com