ന്യൂഡൽഹി: സുപ്രീംകോടതിയിലെ നാലു ജഡ്ജിമാർ ഉന്നയിച്ച വിഷയം ഏറെ പ്രാധാന്യം ഉള്ളതാണെന്നു കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
ജനാധിപത്യത്തിന് ഭീഷണിയുണ്ടെന്നാണ് അവർ ചൂണ്ടിക്കാട്ടിയത്. ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണം സംബന്ധിച്ച വിഷയം ജഡ്ജിമാർ ഉന്നയിച്ചു. സുപ്രീംകോടതി ഈ വിഷയങ്ങളിൽ ഉന്നതതല അന്വേഷണം നടത്തണം. ഇത്തരത്തിലുള്ള സംഭവങ്ങൾ ഇതിനു മുൻപ് ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി ജഡ്ജിമാർ ഉന്നയിച്ച വിഷയങ്ങൾ ഏറെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്നാണു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല പറഞ്ഞത്. ജഡ്ജിമാരുടെ വെളിപ്പെടുത്തൽ പാർട്ടിയെ ആകെ ഉലച്ചു കളഞ്ഞു. പ്രധാനമായും രണ്ടു വിഷയങ്ങളാണു നാലു ജഡ്ജിമാരും ഉയർത്തിക്കാട്ടിയത്. നടപടിക്രമങ്ങളിൽ സുപ്രീംകോടതി തന്നെ തീർപ്പു കൽപ്പിച്ചിട്ടും സർക്കാർ മൗനം പാലിക്കുന്നതാണ് ഒന്നാമത്തെ വിഷയം.
യുക്തിസഹമായ അടിസ്ഥാനമില്ലാതെ കേസുകൾ ചില ബെഞ്ചുകൾക്കു കൈമാറുന്നതും സംബന്ധിച്ച വിഷയമാണു രണ്ടാമത്തേതെന്നും സുർജേവാല പറഞ്ഞു.
സുപ്രീംകോടതി ഉന്നതതല അന്വേഷണം നടത്തണമെന്നു രാഹുൽഗാന്ധി
02:12 AM Jan 13, 2018 | Deepika.com