നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ വാഹനത്തിൽനിന്ന് വൻതോതിൽ ആയുധങ്ങൾ കണ്ടെത്തി. 25 റൈഫിളുകളും 19 റിവോൾവറുകളും 4000 ത്തോളം തിരകളുമാണ് നാസിക്കിൽനിന്ന് 70 കിലോമീറ്റർ അകലെ മുംബൈ-ആഗ്ര ദേശീയപാതയിലെ ചന്ദ്വാദിലെ ടോൾബൂത്തിൽനിന്ന് പോലീസ് പിടിച്ചെടുത്തത്. ആയുധവുമായെത്തിയ കാറിലെത്തിയ മൂന്നംഗസംഘം ഒരു പെട്രോൾ ബങ്കിലെത്തി തോക്ക് ചൂണ്ടി ഇന്ധനം നിറച്ചിരുന്നു. ഇക്കാര്യം പെട്രോൾ പന്പ് ഉടമ പോലീസിൽ അറിയിച്ചതാണ് പ്രതികളുടെ അറസ്റ്റിലേക്കു നയിച്ചത്.
ഇന്നലെ പുലർച്ചെ നടത്തിയ പരിശോധനയിലാണു കാർ കണ്ടെത്തിയതെന്നു നാസിക് റൂറൽ എസ്പി സഞ്ജയ് ദാരാഡെ പറഞ്ഞു. മുംബൈയിലെ ശിവാദി നിവാസികളായ സൽമാൻ ഖാൻ, ബദരി ജുമാൻ ബാദുഷ, നാസിക് സ്വദേശി നാഗേഷ് ബൻസോഡ് എന്നിവരാണ് അറസ്റ്റിലായത്. മാലേഗാവിൽനിന്നാണ് സംഘം നാസിക്കിലെത്തിയത്. ആയുധങ്ങളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും എസ്പി അറിയിച്ചു.
നാസിക്കിൽ വൻ ആയുധവേട്ട: മൂന്നുപേർ പിടിയിൽ
01:01 AM Dec 16, 2017 | Deepika.com