ന്യൂഡൽഹി: ബംഗാളി കവി ജയ് ഗോസ്വാമിക്ക് മൂർത്തിദേവീ പുരസ്കാരം. മൂർത്തീ ദേവീ പുരസ്കാരം നേടുന്ന ആദ്യ ബംഗാളി എഴുത്തുകാരനാണ് ജയ് ഗോസ്വാമി. ജയ് ഗോസ്വാമി കഥകളും എഴുതാറുണ്ട്. സരസ്വതീ ദേവിയുടെ ശില്പവും നാലു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. ജ്ഞാനപീഠ പുരസ്കാരം കഴിഞ്ഞാൽ ഏറ്റവും ഉയർന്ന പുരസ്കാരമാണ് മൂർത്തിദേവീ പുരസ്കാരം. കവി സത്യവ്രത് ശാസ്ത്രി തലവനായ ജൂറിയാണ് ജയ് ഗോസ്വാമിയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
1954 നവംബര്‍ 10ന് കോല്ക്കൊത്തയിലാണ് ജയ് ജനിച്ചത്. ശൈശവവും കൗമാരവും റാണാഘട്ടിലായിരുന്നു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതും അവിടെയാണ്. ഇപ്പോള്‍ കോല്‍ക്കൊത്തയില്‍ താമസം. പത്തൊമ്പതാമത്തെ വയസു മുതൽ കവിതകൾ എഴുതിത്തുടങ്ങി. 1976 മുതല്‍ പ്രമുഖ ബംഗാളി മാസികയായ ദേശില്‍ എഴുതിത്തുടങ്ങി. അടുത്ത കാലം വരെ ദേശിന്റെ എഡിറ്ററുമായിരുന്നു. ഇപ്പോള്‍ സംവാദ് പ്രതിദി എന്ന പത്രികയിൽ എഡിറ്ററാണ്. രണ്ടു തവണ ആനന്ദ പുരസ്കാറിന് അര്‍ഹനായിട്ടുണ്ട്. ചില കവിതകളുടെ ഇംഗ്ളീഷ് പരിഭാഷ ലഭ്യമാണ്.
1990 ആനന്ദപുരസ്കാര് : ഘൂമിയേഛോ, ഝാവുപാതാ? (ദേവദാരു ഇലകളെ, ഉറങ്ങിയോ?), 1997 ബംഗ്ളാ സാഹിത്യ അക്കാദമി പുരസ്കാരം വജ്രബിദ്യുതേ ഭര്‍തി ഖാതാ (മിന്നലേറ്റ താളുകള്‍), 1997ൽ വീരേന്ദ്ര ചട്ടോപാധ്യായ് സ്മൃതി പുരസ്കാരം- പാതാര്‍ പോഷാക് (ഇലകൊണ്ടുളള വസ്ത്രം), 1998ൽ ആനന്ദപുരസ്കാരം- ജാരാ ബൃഷ്ടിതേ ഭിജേഛിലോ( മഴ നനഞ്ഞവര്‍, കാവ്യോപന്യാസം ), 2000 ൽ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് - പഗ്ലീ തൊമാര്‍ സംഗേ ( ഭ്രാന്തിപ്പെണ്ണേ നിന്റെ കൂടെ) തുടങ്ങി നിരവധി പുരസ്കാരങ്ങൾ ജയ് ഗോസ്വാമിയെ തേടിയെത്തിയിട്ടുണ്ട്.
കവി ജയ് ഗോസ്വാമിക്ക് മൂർത്തിദേവീ പുരസ്കാരം
12:49 AM Dec 16, 2017 | Deepika.com