ന്യൂഡൽഹി: ഹിമാലയത്തിലെ അമർനാഥ് ഗുഹാക്ഷേത്രം നിശബ്ദ മേഖലയായി പ്രഖ്യാപിച്ചിട്ടില്ലെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ. ഗുഹാ ക്ഷേത്രത്തിൽ മണി മുഴക്കുന്നതിനു മാത്രമാണ് വിലക്കേർപ്പെടുത്തിയതെന്നും മന്ത്രോച്ചാരണങ്ങൾ നടത്തുന്നതിനും ആരതി അടക്കമുള്ള ആരാധന സമയങ്ങളിൽ നിയന്ത്രണങ്ങൾ ബാധകമല്ലെന്നും ജസ്റ്റീസ് സ്വതന്തർ കുമാർ അധ്യക്ഷനായ പ്രിൻസിപ്പൽ ബെഞ്ച് വ്യക്തമാക്കി.
പരിസ്ഥിതി ലോല മേഖലയായ അമർനാഥ് ഗുഹാ ക്ഷേത്രത്തിൽ മണി മുഴക്കുന്നത് അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ട്രൈബ്യൂണൽ ഉത്തരവിനെതിരേ വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള ഹിന്ദു സംഘടനകൾ രംഗത്തെത്തിയതോടെയാണ് ട്രൈബ്യൂണൽ വിശദീകരണം നൽകിയത്. ക്ഷേത്രം സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2012ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മണി മുഴക്കുന്നതും പ്രവേശന കവാടത്തിൽ കാണിക്കയിടുന്നതും അടക്കമുള്ള നിയന്ത്രണങ്ങൾ ഹരിത ട്രൈബ്യൂണൽ ഏർപ്പെടുത്തിയത്.
അമർനാഥ് ക്ഷേത്രം : നിശബ്ദമേഖലയായി പ്രഖ്യാപിച്ചിട്ടില്ലെന്നു ഹരിത ട്രൈബ്യൂണൽ
01:48 AM Dec 15, 2017 | Deepika.com