അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനിടെ റോഡ് ഷോയുമായി പാട്ടിദാർ അനാമത് ആന്ദോളൻ സമിതി നേതാവ് ഹാർദിക് പട്ടേലിന്റെ ശക്തിപ്രകടനം. നൂറുകണക്കിന് മോട്ടോർ സൈക്കിളുകളുടെയും കാറുകളുടെയും അകന്പടിയോടെ അഹമ്മദാബാദിലാണ് ഹാർദിക്കും സംഘവും റോഡ്ഷോ നടത്തിയത്. അനുമതിയില്ലാതെ റോഡ്ഷോ നടത്തിയതിന് നിയമനടപടി നേരിടേണ്ടിവരുമെന്നു പോലീസ് പിന്നീട് പറഞ്ഞു.
ബോപൽ മേഖലയിൽനിന്നാരംഭിച്ച റോഡ് ഷോ 15 കിലോമീറ്റർ പിന്നിട്ട് നികോലിലാണു സമാപിച്ചത്. നിരവധിയിടങ്ങളിലായി കാത്തുനിന്നവർ റോഡ്ഷോയിൽ അണിചേർന്നുകൊണ്ടിരുന്നു. ഇന്ന് നഗരത്തിൽ റോഡ് ഷോയ്ക്ക് അനുമതി വേണമെന്ന കോൺഗ്രസിന്റെയും ബിജെപിയുടേയും അപേക്ഷയും പോലീസ് തള്ളി. ഗതാഗത-ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് റോഡ്ഷോകൾ പോലീസ് വിലക്കുന്നത്.
പോലീസ് വിലക്കു മറികടന്ന് റോഡ്ഷോയുമായി ഹാർദിക് പട്ടേൽ
01:00 AM Dec 12, 2017 | Deepika.com