ന്യൂഡൽഹി: ദോക ലാ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് അതിർത്തിയിലേക്കുള്ള സൈനിക നീക്കം ദ്രുതഗതിയിലാക്കുന്നതിനു കരസേന നടപടികൾ സ്വീകരിക്കുന്നു.
അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം തന്നെ സൈനിക നീക്കം വേഗത്തിലാക്കുന്നതിന്റെ ദൗത്യവും കോർ ഓഫ് എൻജിനീയേ ഴ്സ് (സിഒഇ) ഏറ്റെടുത്തു. ഇതിനായി കുന്ന് ഇടിക്കുന്നതിനും റോഡ് നിർമിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന ആധുനിക യന്ത്രങ്ങൾക്ക് സിഒഇ ഓർഡർ നല്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മൈനുകൾ കണ്ടെത്തി നശിപ്പിക്കുന്നതിനായി 1,000 ഡ്യുവൽ ട്രാക് മൈൻ ഡിറ്റക്ടറുകൾ വാങ്ങാനും ധാരണയായിട്ടുണ്ട്. പർവതപ്രദേശങ്ങളിൽ റോഡു നിർമാണത്തിനും മറ്റുമായി ആധുനിക തരത്തിൽ 100 മണ്ണുനീക്കൽ യന്ത്രങ്ങൾ ഉപയോഗിക്കും. ചൈനീസ് അതിർത്തിയിലേക്കു യുദ്ധസാമഗ്രികൾ എത്തിക്കാൻ അന്പതോളം താത്ക്കാലിക പാലങ്ങളും ഇത്രതന്നെ റോഡുകളും നിർമിക്കും. നാലായിരം കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയിലെ നിർമാണപ്രവർത്തനങ്ങൾക്ക് സി ഒഇ ആണു ചുക്കാൻ പിടിക്കുന്നത്.
ചൈനീസ് അതിർത്തിയിലേക്കു സൈനികനീക്കം വേഗത്തിലാക്കുന്നു
12:44 AM Nov 24, 2017 | Deepika.com