അഹമ്മദാബാദ്: ഗുജറാത്തിൽ അഞ്ചു സ്ഥാനാർഥികളെ കോൺഗ്രസ് മാറ്റി. ജൂനഗഡ്, ഭാറൂച്ച്, കാമ്രേജ്, വരാഛ റോഡ്, ബോതാഡ് എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണു മാറ്റി പുതിയവരെ കൊണ്ടുവന്നത്. പട്ടേൽവിഭാഗത്തിനു നിർണായക സ്വാധീനമുള്ള ബോതാഡ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയും മുൻ മന്ത്രിയുമായ സൗരഭ് പട്ടേലിനെ നേരിടാൻ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് ഡി.എം. പട്ടേലിനെയാണ്.
90 സ്ഥാനാർഥികളെയാണു കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ 77 പേരെ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച രാത്രി 13 പേരെയും പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടികയ്ക്കെതിരേ സൂറത്ത്, ധൊറാജി, ജാംനഗർ എന്നിവിടങ്ങളിൽ പ്രതിഷേധം അരങ്ങേറിയിരുന്നു.
ആദ്യ പട്ടികയിൽ പടിദാർ അനാമത് ആന്ദോളൻ സമിതിയുടെ രണ്ടു സ്ഥാനാർഥികൾക്കാണു കോൺഗ്രസ് ടിക്കറ്റ് നല്കിയത്. ഇതിൽ പട്ടേൽ വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.
ഗുജറാത്ത്: കോൺഗ്രസ് അഞ്ചു സ്ഥാനാർഥികളെ മാറ്റി
12:36 AM Nov 22, 2017 | Deepika.com