അഹമ്മദാബാദ്: ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ചൂടും ചൂരും പകർന്ന് ബിജെപിയുടെ ആദ്യത്തെ പ്രചാരണവീഡിയോ പുറത്തിറങ്ങി. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിശേഷിപ്പിക്കുന്നതിനു പപ്പു എന്ന വാക്ക് ഉപയോഗിക്കുന്നതിനു തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചിരുന്നു. യുവരാജ് എന്ന വാക്കുപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് അനുമതി നൽകിയിരുന്നു.
ബിജെപി സംസ്ഥാനഘടകത്തിന്റെ ഫേസ്ബുക്ക് പേജിലാണു പുതിയ പരസ്യം പ്രസിദ്ധീകരിച്ചത്. പപ്പു എന്നു വിശേഷിപ്പിക്കുന്ന ഭാഗം യുവരാജ് എന്നു മാറ്റി, പഴയ പരസ്യംതന്നെയാണോ പുറത്തിറക്കിയിരിക്കുന്നതെന്ന ചോദ്യത്തിന്, ഇക്കാര്യത്തിൽ വേണ്ടത്ര ബോധ്യമില്ലെന്നായിരുന്നു ബിജെപി വക്താവ് ഹർഷാദ് പട്ടേലിന്റെ മറുപടി.
49 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യം ഒരു പലചരക്കുകടയുടെ പശ്ചാത്തലത്തിലാണ് തയാറാക്കിയിരിക്കുന്നത്. കോൺഗ്രസിന്റെ ഭരണകാലത്ത് കടയ്ക്കു തീവച്ചതിനെ പരസ്യത്തിൽ പരാമർശിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരിക്കും തങ്ങളുടെ വോട്ട് എന്ന് കടയുടമയുടെ ഭാര്യ പറയുന്നതോടെയാണു പരസ്യം അവസാനിക്കുന്നത്.
ഗുജറാത്തിൽ ബിജെപിയുടെ പ്രചാരണ വീഡിയോ: പപ്പുവിനു പകരം യുവരാജ്
11:21 PM Nov 16, 2017 | Deepika.com