ന്യൂഡൽഹി: ആസിയാൻ ഉന്നതതല സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലേക്കു യാത്രതിരിക്കും. ആസിയാൻ ഉച്ചകോടിയോടൊപ്പം ഫിലിപ്പീൻസുമായുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താനും മുന്തിയ പരിഗണന നൽകും.
ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത സന്ദർശനത്തിലൂടെ വ്യക്തമാകുമെന്നു പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മൂന്നുദിവസം നീളുന്ന സന്ദർശനത്തിൽ ആസിയാൻ കൂട്ടായ്മയുടെ അന്പതാംവാർഷികവുമായി ബന്ധപ്പെട്ട പ്രത്യേക ആഘോഷത്തിലും മോദി പങ്കെടുക്കും.
ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടർട്ടെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ആസിയാൻ രാജ്യങ്ങളിലെ നേതാക്കളുമായും ചർച്ച നടത്തും. മനിലയിലെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , മഹാവീർ ഫിലിപ്പീൻസ് ഫൗണ്ടേഷൻ ഇന്റർനാഷണൽ എന്നിവിടങ്ങളിലും സന്ദർശനം നടത്തും.
ആസിയാൻ: നരേന്ദ്ര മോദി ഇന്നു മനിലയിലേക്ക്
12:41 AM Nov 12, 2017 | Deepika.com