ഗാന്ധിനഗർ (ഗുജറാത്ത്): വികസനം മുൻനിർത്തി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസിനെ വെല്ലുവളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കോൺഗ്രസിനെ കടന്നാക്രമിച്ച മോദി, ഗുജറാത്തും ഗുറജാത്തികളെയും നെഹ്റു-ഗാന്ധി കുടുംബത്തിന് ഇഷ്ടമല്ലെന്നും കൂട്ടിച്ചേർത്തു. നല്ലരീതിയിൽ ചിന്തിക്കാനുള്ള കഴിവ് പ്രതിപക്ഷത്തിന് നഷ്ടപ്പെട്ടിരിക്കുകയാണ്. നെഗറ്റീവ് ചിന്താഗതിയാണ് അവരെ (കോൺഗ്രസിനെ) നിയന്ത്രിക്കുന്നതെന്നും മോദി പറഞ്ഞു. ഗുജറാത്ത് ഗൗരവ് യാത്രയുടെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2002 ഗോധ്ര കലാപത്തിന്റെ പേരിൽ തന്നെ ജയിലിലാക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തി. ഗുജറാത്തികളെ കോൺഗ്രസിന് ഇഷ്ടമല്ല. മൊറാർജി ദേശായി, സർദാർ വല്ലഭ്ഭായ്പട്ടേൽ, അദ്ദേഹത്തിന്റെ മകൾ മനിബെൻ എന്നിവരോട് ചെയ്തത് ഇതിന്റെ ഉത്തരമോദാഹരണമാണെന്നും മോദി ആരോപിച്ചു. കോൺഗ്രസിന് ഒരു കുടുംബം രക്ഷപ്പെടണമെന്ന ആഗ്രഹമേയുള്ളൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗുജറാത്തും ഗുജറാത്തികളെയും നെഹ്റു-ഗാന്ധി കുടുംബത്തിന് ഇഷ്ടമല്ലെന്നു മോദി
12:57 AM Oct 17, 2017 | Deepika.com