ന്യൂഡൽഹി: നേത്രദാനം പ്രോൽസാഹിപ്പിക്കുന്നതിനായി ഡൽഹി നഗരഹൃദയമായ കൊണോട്ട് പ്ലേസിൽ നടന്ന ബ്ലൈൻഡ് വോക്കിനു കാഴ്ചയുള്ളവർക്കും വഴികാട്ടികളായ കാഴ്ചയില്ലാത്തത്തവരുമായി ആയിരങ്ങളെത്തി.
പരിപാടിയിൽ പങ്കെടുക്കാനെത്തിയ നൂറു കണക്കിനാളുകൾ കണ്ണു ദാനം ചെയ്യുമെന്നു പരസ്യ പ്രതിജ്ഞയെടുക്കുകയും സമ്മതപത്രം ഒപ്പിട്ടു നൽകുകയും ചെയ്തു.പാലികാ ബസാറിന്റെ രണ്ടാം ഗേറ്റിൽ നിന്നു തുടങ്ങിയ നടത്തത്തിൽ കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം, ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ, സ്വാമി അഗ്നിവേശ്, സർദാർ പരംജീത് സിംഗ് ചന്ദോക്, മൗലാന മഹമൂദ് മദനി തുടങ്ങിയവർ നേതൃത്വം നൽകി. കാഴ്ചയുള്ളവർ കണ്ണുകൾ മൂടിക്കെട്ടി നടത്തിയ പദയാത്രയിൽ അന്ധരാണ് നയിച്ചത്.
നേത്രദാനത്തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രചാരണ പരിപാടിയാണ് ബംഗളൂരു ആസ്ഥാനമായുള്ള പ്രോജക്ട് വിഷന്റെ ആഭിമുഖ്യത്തിൽ നടന്നതെന്ന് ഡയറക്ടർ ഫാ. ജോർജ് കണ്ണന്താനം പറഞ്ഞു.
ഇന്ത്യയോടൊപ്പം അമേരിക്ക, ചൈന, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലായി 250 കേന്ദ്രങ്ങളിൽ ലോക കാഴ്ച ദിനമായ ഇന്നലെ നടന്ന ബ്ലൈൻഡ് വോക്കിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുത്തുവെന്ന് സംഘാടകൾ അറിയിച്ചു.
ബ്ലൈൻഡ് വോക്കിന് ആയിരങ്ങളെത്തി
07:25 AM Oct 13, 2017 | Deepika.com