ബംഗളൂരു: സോളാർ കേസുമായി ബന്ധപ്പെട്ട് വ്യവസായി എം.കെ.കുരുവിള നൽകിയിരുന്ന പരാതിയിൽ നിലനിന്ന കേസിൽനിന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുറ്റവിമുക്തനായി. ബംഗളൂരു സിറ്റി സിവിൽ കോടതിയാണ് ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയത്.
കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണായക വിധി. സോളാർ കേസ് അന്വേഷിച്ച ജുഡീഷൽ കമ്മീഷന്റെ റിപ്പോർട്ടിൽ, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഓഫീസിനെതിരേ വിമർശനം ഉണ്ടെന്ന റിപ്പോർട്ടുകൾക്കിടെ വന്ന കോടതിവിധി അദ്ദേഹത്തിന് വലിയ ആശ്വാസമായി. സെപ്റ്റംബർ അവസാന വാരമാണ് അന്വേഷണ കമ്മീഷനായ ജസ്റ്റീസ് ജി.ശിവരാജൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.
സോളാർ പ്ലാന്റ് സ്ഥാപിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം നല്കി കൊച്ചിയിലെ സ്കോസ എഡ്യൂക്കേഷണൽ കൺസൾട്ടൻസി 1.35 കോടി രൂപ തട്ടിയെന്നായിരുന്നു കുരുവിളയുടെ പരാതി. കേസിൽ അഞ്ചാം പ്രതിയായിരുന്നു ഉമ്മൻ ചാണ്ടി. അതേസമയം, കേസിലെ മറ്റുപ്രതികൾക്കെതിരേയുള്ള കേസ് തുടരും. അഡ്വ. ജോസഫ് ആന്റണിയാണ് ഉമ്മൻ ചാണ്ടിക്കു വേണ്ടി ഹാജരായത്.
കുരുവിള നല്കിയ പരാതിയിൽ താൻ നേരിട്ടുകൈക്കൂലി വാങ്ങിയതായി ആരോപണം ഉന്നയിച്ചിട്ടില്ലെന്നും പ്രതിപ്പട്ടികയിൽ നിന്നു തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ജൂലൈ പത്തിനാണ് ഉമ്മൻ ചാണ്ടി ഹർജി സമർപ്പിച്ചത്. ഇതു ശരിവച്ച ജസ്റ്റീസ് ഭീമനഗൗഡ, ഉമ്മൻ ചാണ്ടിയും കുരുവിളയും നേരിട്ടുപണമിടപാടു നടത്തിയെന്നതിന് തെളിവില്ലെന്നും അദ്ദേഹത്തിനെതിരേ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും നിരീക്ഷിച്ചു.
കേസിൽ ഉമ്മൻ ചാണ്ടിയടക്കം ആറു പ്രതികൾ 1.60 കോടിയോളം രൂപ കുരുവിളയ്ക്കു നല്കണമെന്ന് കഴിഞ്ഞ വർഷം ഒക്ടോബർ 24ന് ബംഗളൂരു കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി ചോദ്യംചെയ്ത് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചിരുന്നു. തന്റെ വാദം കേൾക്കാതെയുള്ള ഉത്തരവാണിതെന്നും വിധി സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആവശ്യം. ഈ ഹർജി പരിഗണിച്ച കോടതി ഉമ്മൻ ചാണ്ടിയുടെ വാദം അംഗീകരിച്ച് ഏപ്രിലിൽ വിധി റദ്ദാക്കുകയും വീണ്ടും വാദം കേൾക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് ജൂണിൽ വീണ്ടും കേസിൽ വാദം തുടങ്ങുകയും ഒടുവിൽ ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി വിധി പ്രസ്താവിക്കുകയുമായിരുന്നു.
വിധിയിൽ സന്തോഷമുണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ അഡ്വ. ജോസഫ് ആന്റണി ദീപികയോട് പറഞ്ഞു. അദ്ദേഹത്തിന്റെ നിരപരാധിത്വം കോടതി വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. പ്രശസ്തിക്കു വേണ്ടിയാണ് ഉമ്മൻ ചാണ്ടിയെ കേസിലേക്ക് വലിച്ചിഴച്ചതെന്നും ജോസഫ് ആന്റണി പറഞ്ഞു.
ബംഗളൂരുവിലെ സോളാർ കേസിൽ ഉമ്മൻ ചാണ്ടി കുറ്റവിമുക്തൻ
12:45 AM Oct 08, 2017 | Deepika.com