മുംബൈ: പ്രഥമചിത്രത്തിനു ദേശീയപുരസ്കാരം സ്വന്തമാക്കിയ പ്രമുഖ ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ കുന്ദന്‍ ഷാ(69) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബൈയിലെ വസതിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. ദാദറിലെ ശിവാജിപാർക്കിൽ വൈകുന്നേരം സംസ്കാരം നടത്തി.
1947 ഒക്ബോറിലായിരുന്നു ജനനം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു സംവിധാനം പഠിച്ചിറിങ്ങിയ ഷാ ബോളിവുഡിലെ ഏറ്റവും മികച്ച ആക്ഷേപഹാസ്യ സിനിമയെന്നറിയപ്പെടുന്ന ജാനേ ഭി ദോ യാരോയിലൂടെയാണു ശ്രദ്ധേയനാകുന്നത്. 1983ൽ പുറത്തിറങ്ങിയ ചിത്രത്തിൽ നസറുദ്ദീൻ ഷായും ഓംപുരിയും പങ്കജ് കപൂറും സതീഷ് ഷായും നീനാ ഗുപ്തയുമുൾപ്പെടെ വലിയ താരനിരയാണ് അണിനിരന്നത്. ബോക്സ് ഓഫീസിൽ പരാജയപ്പെട്ടുവെങ്കിലും ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരത്തിനു കുന്ദനെ അർഹനാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പ്രമുഖർ കുന്ദൻ ഷായുടെ നിര്യാണത്തിൽ അനുശോചിച്ചു.
കുന്ദൻ ഷാ അന്തരിച്ചു
12:33 AM Oct 08, 2017 | Deepika.com