ബംഗളൂരു: അനധികൃത സ്വത്തുസന്പാദനക്കേസിൽ തടവു ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികലയ്ക്ക് അഞ്ചു ദിവസത്തേക്ക് അടിയന്തര പരോൾ. കരൾ, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ഭർത്താവ് എം. നടരാജനെ സന്ദർശിക്കാനാണ് പരോൾ അനുവദിച്ചത്.
പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികല പതിനഞ്ച് ദിവസത്തെ പരോളിന് അപേക്ഷിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയ-പൊതു പരിപാടികളിലോ ചടങ്ങുകളിലോ പങ്കെടുക്കരുതെന്ന കർശന നിർദേശത്തോടെ അഞ്ച് ദിവസത്തെ പരോൾ മാത്രമാണ് അനുവദിക്കുന്നത്.
നടരാജൻ ചികിത്സയിൽ കഴിയുന്ന ചെന്നൈയിലെ ആശുപത്രിയിൽ സന്ദർശനം നടത്താൻമാത്രമേ ശശികലയ്ക്ക് അനുമതിയുള്ളൂ എന്ന് ജയിൽ അധികൃതർ അറിയിച്ചു. മാധ്യമങ്ങളുമായി സംവദിക്കാനും ശശികലയ്ക്ക് അനുമതിയില്ല. അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും മരുമകനുമായ ടി.ടി.വി. ദിനകരനൊപ്പം റോഡ് മാർഗമാണ് ശശികല ചെന്നൈക്കു പുറപ്പെട്ടത്.
ശശികലയ്ക്ക് അടിയന്തര പരോൾ
01:35 AM Oct 07, 2017 | Deepika.com