ന്യൂഡൽഹി: ഡോക ലായിലെ ചൈനീസ് റോഡ് നിർമാണം സംബന്ധിച്ച റിപ്പോർട്ടുകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കണമെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതു സംബന്ധിച്ച മാധ്യമവാർത്തകൾ ഉൾപ്പെടുത്തി ട്വിറ്ററിലൂടെയാണ് രാഹുൽ ആവശ്യം ഉന്നയിച്ചത്. ഡോക ലായിൽ റോഡിനു വീതി കൂട്ടുന്ന നടപടിക്കായി 500ഓളം സൈനികരെ ചൈന നിയോഗിച്ചുവെന്നാണ് മാധ്യമറിപ്പോർട്ടുകൾ.
ഡോ ക ലായിലെ റോഡ് നിർമാണത്തിന്റെ പേരിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. റോഡ് നിർമാണത്തിനെത്തിയ ചൈനീസ് സൈനികരെ ഇന്ത്യ തടഞ്ഞതോടെയായിരുന്നിത്. ജൂൺ 16 മുതൽ 73 ദിവസത്തോളം ഇരുരാജ്യങ്ങളിലെയും സൈനികർ ഡോക ലായിൽ മുഖാമുഖം തുടർന്നു. ഉന്നതനേതാക്കൾ നടത്തിയ ആശയവിനിമയത്തെത്തുടർന്ന് ഉപാധികളില്ലാതെ സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും സന്നദ്ധമായതോടെയാണ് സംഘർഷത്തിന് അയവു വന്നത്.
മോദി വിശദീകരിക്കണമെന്നു രാഹുൽ ഗാന്ധി
12:21 AM Oct 07, 2017 | Deepika.com