ന്യൂഡൽഹി: യുഎൻ സമ്മേളനത്തിൽ പാക്കിസ്ഥാനെതിരേ കോണ്ഗ്രസ് സർക്കാരിന്റെ ദീർഘവീക്ഷണമുള്ള പദ്ധതികൾ ചൂണ്ടിക്കാട്ടി ആഞ്ഞടിച്ചതിനു കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനു നന്ദി പറഞ്ഞ് കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലിട്ട കുറിപ്പിലാണ് സുഷമയെ നന്ദി അറിയിച്ചത്.
ഇന്ത്യ ഐഐടികളും ഐഐഎമ്മുകളും ഉണ്ടാക്കിയപ്പോൾ ഭീകര സംഘടനകളായ ലഷ്കർ ഇ തോയ്ബയെയും ജെയ്ഷെ മുഹമ്മദിനെയുമാണ് പാക്കിസ്ഥാൻ ഉണ്ടാക്കിയെന്നായിരുന്നു സുഷമയുടെ പ്രസ്താവന. ഐഐടികളും ഐഐഎമ്മുകളും സ്ഥാപിക്കാനുള്ള കോണ്ഗ്രസ് സർക്കാരുകളുടെ മഹത്തായ ദർശനത്തെയും പൈതൃകത്തെയും ഒടുവിൽ അംഗീകരിച്ചതിനു നന്ദി എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 60 വർഷം ഭരിച്ച കോണ്ഗ്രസ് സർക്കാരുകൾ ഒന്നും ചെയ്തിട്ടില്ലെന്നു ബിജെപി നേതാക്കൾ ആരോപിക്കുന്നതിനിടെ സുഷമ യുഎന്നിൽ യാഥാർഥ്യം പറഞ്ഞെന്നു ചൂണ്ടിക്കാട്ടി കോണ്ഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലും ട്വിറ്ററിൽ കുറിപ്പിട്ടത്.
പാക്കിസ്ഥാനെതിരേ സുഷമ യുഎൻ സമ്മേളനത്തിൽ പറഞ്ഞതിൽ പോലും രാഷ്ട്രീയം കണ്ടെത്താനാണ് രാഹുൽ ഗാന്ധിയും കോണ്ഗ്രസ് നേതാക്കളും ശ്രമിക്കുന്നതെന്നു പറഞ്ഞു ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
കോൺഗ്രസിന്റെ പദ്ധതികൾ: സുഷമയ്ക്കു രാഹുലിന്റെ നന്ദി
12:20 AM Sep 25, 2017 | Deepika.com