ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ സാന്പത്തിക, രാഷ്ട്രീയ നയങ്ങൾക്കു പൂർണ പിന്തുണ ഉറപ്പാക്കുന്നതു ലക്ഷ്യമാക്കി ബിജെപി ദേശീയ നിർവാഹകസമിതി യോഗം ഡൽഹിയിൽ ആരംഭിച്ചു. മോദി സർക്കാരിന്റെ സാന്പത്തിക നയങ്ങൾ പരാജയപ്പെടുകയാണെന്നു ചൂണ്ടിക്കാട്ടിയുള്ള വിമർശനങ്ങളെ മറികടക്കുന്നത് ആലോചിക്കുന്നതിനൊപ്പം പാർട്ടിയുടെ ഹിന്ദുത്വ പ്രതീകമായ ദീൻദയാൽ ഉപാധ്യായയുടെ 100-ാം ജന്മദിന വാർഷികം വിപുലമായി ആഘോഷിക്കുന്നതും എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന.
ഇന്നാണ് ദീൻദയാൽ ഉപാധ്യായയുടെ 100-ാം ജന്മവാർഷികം. ഇന്നു മുതൽ ഒരു വർഷം നീളുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചന. കൂടാതെ, മോദിയുടെ വിവിധ ജനകീയ പദ്ധതികൾ ഇതിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നതും അവയ്ക്കു പ്രചാരണം നൽകുന്നതും സംബന്ധിച്ചും യോഗത്തിൽ ചർച്ചയാകും. വിവിധ സംസ്ഥാന അധ്യക്ഷന്മാരും 337 എംപിമാരും 1400 എംഎൽഎമാരും അടക്കമുള്ള പ്രതിനിധികൾ ദേശീയ നിർവാഹക സമിതി യോഗത്തിനായി ഡൽഹിയിൽ എത്തിയിട്ടുണ്ട്.
നോട്ട് റദ്ദാക്കലിനും ജിഎസ്ടി നടപ്പിലാക്കലിനും ശേഷം സാന്പത്തികരംഗത്തുണ്ടായ മാന്ദ്യവും ജിഡിപി വളർച്ചാനിരക്ക് കുറഞ്ഞതും സർക്കാരിനെയും പാർട്ടിയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് വിവിധ കോണുകളിൽനിന്നും കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളിൽനിന്നുള്ള കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും മറികടക്കാനുള്ള തന്ത്രങ്ങളെക്കുറിച്ചും ചർച്ച നടക്കും.
കള്ളപ്പണത്തിനെതിരേ നടത്തുന്ന നടപടികൾ ഫലം കണ്ടതാണ് സാന്പത്തികരംഗത്തുണ്ടായ പ്രതിഫലനമെന്നു സമർഥിക്കാനാകുമോയെന്നാണ് ആലോചന.
സർക്കാരിന്റെ സാന്പത്തികനയ പരാജയം : പ്രചാരണതന്ത്രം മെനയാൻ ബിജെപി നീക്കം
12:19 AM Sep 25, 2017 | Deepika.com