ന്യൂഡൽഹി: യെമനിൽ ഭീകരരുടെ തടവറയിൽ നിന്നു മോചിതനായ ശേഷം ഇന്ത്യയിലെത്തുന്ന ഫാ. ടോം ഉഴുന്നാലിൽ വ്യാഴാഴ്ച തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ച നടത്തും. റോമിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ 28ന് രാവിലെ 7.40ന് ഡൽഹിയിലെത്തുന്ന ഫാ. ടോമിനെ കേന്ദ്ര ടൂറിസം മന്ത്രി അൽഫോണ്‍സ് കണ്ണന്താനവും കത്തോലിക്കാ സഭാ നേതൃത്വവും വിശ്വാസികളും ചേർന്ന് സ്വീകരിക്കും.
വ്യാഴാഴ്ച വൈകുന്നേരം 4.30ന് ഫാ. ടോം ഡൽഹിയിലെ സിബിസിഐ സെന്ററിൽ നടത്തുന്ന പത്രസമ്മേളനത്തിൽ തന്റെ അനുഭവങ്ങൾ വിശദീകരിക്കും. തുടർന്ന് 5.30ന് ഡൽഹി തിരുഹൃദയ കത്തീഡ്രൽ പള്ളിയിൽ കൃതജ്ഞതാ ബലിയർപ്പിക്കും.
ഇതിനു മുന്‍പായി വത്തിക്കാൻ നുണ്‍ഷ്യോ ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ, ആർച്ച് ബിഷപ്പുമാരായ മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഡോ. അനിൽ കൂട്ടോ, ബിഷപ് ജേക്കബ് മാർ ബർണബാസ,് ഡൽഹിയിലുള്ള സിബിസിഐ ഭാരവാഹികൾ തുടങ്ങിയവരുമായും സലേഷ്യൻ ഡോണ്‍ ബോസ്കോ സഭാ മേലധികാരികളുമായും ഫാ. ടോം കൂടിക്കാഴ്ച നടത്തുന്നുണ്ട്.
പ്രധാനമന്ത്രിയുമായുള്ള ഫാ. ടോമിന്റെ കൂടിക്കാഴ്ചയ്ക്കു സ്ഥിരീകരണം കിട്ടിയതായി മന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു. കൂടിക്കാഴ്ചയുടെ കൃത്യസമയവും മറ്റു വിശദാംശങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസ് പിന്നീട് അറിയിക്കും.
വ്യാഴാഴ്ച രാവിലെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന ഫാ. ടോം അവിടെ നിന്നു നേരേ ഓഖ്ലയിലുള്ള സലേഷ്യൻ ഡോണ്‍ ബോസ്കോ പ്രൊവിൻഷ്യൽ ഹൗസിലേക്കു പോകും. ഡൽഹി പ്രൊവിൻഷ്യൽ ഫാ. ജോസ് മാത്യു വിദേശത്തായതിനാൽ റെക്ടർ ഫാ. ജോ ജേക്കബിന്റെ നേതൃത്വത്തിലായിരിക്കും ഫാ. ടോമിനെ സ്വീകരിക്കുക. വ്യാഴാഴ്ച രാത്രി ഓഖ്ലയിലെ ഡോണ്‍ ബോസ്കോ ഭവനത്തിൽ തങ്ങിയ ശേഷം വെള്ളിയാഴ്ച രാവിലെ ഫാ. ടോം ബംഗളൂരുവിലേക്കു പോകും.
ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കൽ കോളജിൽ നടക്കുന്ന സിബിസിഐ നേതൃയോഗത്തിൽ കർദിനാൾമാരായ മാർ ജോർജ് ആലഞ്ചേരി, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഡോ. ടെലസ്ഫോർ ടോപ്പാ തുടങ്ങിയവരെ വെള്ളിയാഴ്ച തന്നെ ഫാ. ടോം സന്ദർശിക്കും.
സലേഷ്യൻ സഭയുടെ ബംഗളൂരു പ്രോവിൻസ് അംഗമായ ഫാ. ടോം വെള്ളിയാഴ്ചയും ശനിയാഴ്ചയും അവിടെ തങ്ങും. ഒക്ടോബർ ഒന്നിന് ഞായറാഴ്ച രാവിലെ പത്തിന് ഫാ. ടോം നെടുന്പാശേരിയിലെത്തിയ ശേഷം പാലായ്ക്കും തുടർന്ന് സ്വദേശമായ രാമപുരത്തേക്കും പോകും. രണ്ടിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി, മന്ത്രിമാർ, സഭാ മേലധ്യക്ഷന്മാർ എന്നിവരുമായും ഫാ. ടോം കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഫാ. ടോം വ്യാഴാഴ്ച പ്രധാനമന്ത്രിയെ കാണും
12:58 AM Sep 24, 2017 | Deepika.com