മുംബൈ: ഇന്ധന വിലവർ ധനയിൽ പ്രതിഷേധിച്ചു കേന്ദ്ര സർക്കാരിനെതിരേ ശക്തമായ സമരവുമായി എൻഡിഎ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ശിവസേനയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി.
ശിവസേനാ അംഗങ്ങളായ എംഎൽഎമാരും എംപിമാരും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെതിരേയും സമരത്തിൽ മുദ്രാവാക്യങ്ങൾ ഉയർന്നു. കേന്ദ്രഭരണത്തിൽ ജനം അസംതൃപ്തരാണെന്നും സർക്കാർ അടിയന്തര നടപടിയെടുത്തില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ശിവസേന നേതാവും രാജ്യസഭ എംപിയുമായ അനിൽ ദേശായി പറഞ്ഞു.
അധികാരത്തിലെത്തുംമുന്പ് നരേന്ദ്രമോദി നടത്തിയ പ്രസംഗങ്ങൾ അദ്ദേഹംതന്നെ അനുസ്മരിക്കേണ്ടതാണ്. വിലക്കയറ്റത്തിനെതിരേ വലിയ സമരങ്ങൾ സംഘടിപ്പിച്ചിട്ടുള്ള ബിജെപിയാണ് ഇപ്പോൾ മൗനം ഭജിക്കുന്നതെന്നും ലോക്സഭാംഗമായ അരവിന്ദ് സവാന്ത് പറഞ്ഞു. പെട്രോൾ വിലവർധന പാവപ്പെട്ടവരെ ബാധിക്കില്ലെന്ന കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവന രാജ്യത്തെ ജനങ്ങളെ കളിയാക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശിവസേനക്കെതിരേ വിമർശനവുമായി ബിജെപിയും രംഗത്തെത്തി. നരേന്ദ്രമോദിയുടെ ബലത്തിൽ അധികാരത്തിലെത്തിയവർ അധികാരത്തിലിരുന്നുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരേ മുദ്രാവാക്യം മുഴക്കുകയാണെന്നു ബിജെപി ആരോപിച്ചു.
സമരവുമായി ശിവസേന: ബിജെപിക്ക് അമർഷം
12:03 AM Sep 24, 2017 | Deepika.com