ന്യൂഡൽഹി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ സംസ്ഥാന സർക്കാർ വേണ്ടത്ര താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നു ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ലളിത കുമാരമംഗലം.
കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നത്. അന്വേഷണം വൈകിക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതായാണു കാണുന്നതെന്നും അവർ വ്യക്തമാക്കി. അന്വേഷണം അനിശ്ചിതമായി നീണ്ടുപോകുന്നതിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനോടു വിശദാംശങ്ങൾ ആരായാൻ ശ്രമിച്ചിരുന്നു. എന്നാൽ, അദ്ദേഹം മറുപടി നൽകാൻ തയാറായില്ല.
സർക്കാരിന് ഈ കേസിൽ വേണ്ടത്ര താത്പര്യമില്ലെന്നാണു മനസിലാക്കുന്നത്. അന്വേഷണം വൈകിപ്പിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണു മനസിലാകുന്നതെന്നും ലളിത കുമാരമംഗലം പറഞ്ഞു.
കേസിന് ആസ്പദമായ സംഭവം കഴിഞ്ഞ ഫെബ്രുവരിൽ നടന്നതാണ്. എന്നിട്ടും ഇതുവരെ കുറ്റപത്രം പോലും സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ഡൽഹിയിൽ ഒരു വാർത്താചാനലിനോടു പറഞ്ഞു.
നടിക്കെതിരായ ആക്രമണം: സർക്കാരിനു വേണ്ടത്ര താത്പര്യമില്ലെന്നു ദേശീയ വനിതാ കമ്മീഷൻ
12:20 AM Sep 17, 2017 | Deepika.com