ന്യൂഡൽഹി: സ്കോട്ലൻഡിലെ എഡിൻബറോയിൽ നടക്കുന്ന അന്താരാഷ്ട്ര ഫ്രഞ്ച് കലാമേളയിൽ ഡൽഹി യൂണിവേഴ്സിറ്റി ടീമിന്റെ നായകൻ മലയാളിയായ വസുദേവ് ബോസ്. ഇന്നലെ ആരംഭിച്ച ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കലാകാരന്മാരുടെ മേളയിൽ ഡൽഹി സർവകലാശാലയിൽ നിന്ന് 22 വിദ്യാർഥികളാണു പങ്കെടുക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ യുവ കലാമേളകളിൽ ഒന്നായി അറിയപ്പെടുന്ന മേളയിൽ അഭിനയം, സംഗീതം, നൃത്തം എന്നിവയടങ്ങിയ കലാരൂപങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. ഡൽഹി സർവകലാശാല തിയറ്റർ സംഘത്തിന്റെ നേതൃത്വം വഹിക്കുന്നതു വസുദേവാണ്. ഇന്ത്യയിലെ വിദ്യാർഥി സമൂഹത്തിന്റെ അഭിലാഷങ്ങൾ, വെല്ലുവിളികൾ, കഥകൾ എന്നിവ ആസ്പദമാക്കിയുള്ള നൃത്ത, സംഗീത, നാടക കലാരൂപങ്ങളാണ് മേളയിൽ സംഘം അവതരിപ്പിക്കുന്നത്.
അമേരിക്ക, സ്പെയിൻ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നടന്ന കലാമേളകളിൽ മുന്പ് വസുദേവ് ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ചെന്നൈ പ്രളയത്തെ ആസ്പദമാക്കി ബിബിസി തയാറാക്കിയ ഡോക്യുമെന്ററിയിൽ നായകനായ തുഴച്ചിൽക്കാരനായി വസുദേവ് വേഷമിട്ടിരുന്നു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും യുഎൻ പാർപ്പിട സമിതി ചെയർമാനുമായ ഡോ. സി.വി ആനന്ദബോസിന്റെ മകനായ വസുദേവ് ഡൽഹി യുണിവേഴ്സിറ്റി മൂന്നാംവർഷ ബിഎ വിദ്യാർഥിയാണ്.
മലയാളി ക്യാപ്റ്റനായി ഡൽഹി സർവകലാശാല ടീം എഡിൻബറോയിലേക്ക്
01:24 AM Aug 22, 2017 | Deepika.com