ന്യൂഡൽഹി: കഴിഞ്ഞ മാർച്ച് 28ന് കമ്മീഷൻ ചെയ്ത ചങ്ങനാശേരി-തിരുവല്ല 7.94 കിലോമീറ്റർ റെയിൽപ്പാത ഇരട്ടിപ്പിക്കൽ ഇന്നലെ ഡൽഹിയിലിരുന്ന് വീഡിയോ കോണ്‍ഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത് കേന്ദ്ര റെയിൽ മന്ത്രി സുരേഷ് പ്രഭു വ്യത്യസ്തനായി.
പണി പൂർത്തിയാക്കി കമ്മീഷൻ ചെയ്ത പാത മാസങ്ങൾക്കുശേഷം ഉദ്ഘാടനം നടത്തി പത്രക്കുറിപ്പ് ഇറക്കിയത് എന്തിനെന്ന ചോദ്യം ബാക്കി. റെയിൽ മേൽ നടപ്പാലങ്ങളും പണം നൽകി ഉപയോഗിക്കാവുന്ന വിശ്രമ മുറികളും മുതൽ റെയിൽവേ സ്റ്റേഷനിലെ കോണ്ക്രീറ്റ്ബെഞ്ചുകൾ വരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം തമിഴ്നാട്ടിലെ 16 പദ്ധതികളും ഡൽഹിയിലിരുന്നു മന്ത്രി ഇന്നലെ ഉദ്ഘാടനം നടത്തി. തിരുവനന്തപുരം, കൊല്ലം സ്റ്റേഷനുകളിൽ പണം കൊടുത്ത് ഉപയോഗിക്കാവുന്ന രീതിയിൽ കുടുംബശ്രീയുടെ സഹകരണത്തോടെ നടത്തുന്ന രണ്ട് എസി വിശ്രമമുറികൾ, കൊച്ചുവേളി സ്റ്റേഷനിൽ രണ്ടരക്കോടി രൂപ ചെലവിൽ നടപ്പാലം, കണ്ണൂർ സ്റ്റേഷനിൽ രണ്ടു ലിഫ്റ്റുകൾ എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തവയിൽപെടുന്നു.
ആലുവ, എറണാകുളം സൗത്ത്, എറണാകുളം ടൗണ്‍ സ്റ്റേഷനുകളിൽ വാട്ടർ വെൻഡിംഗ് മെഷീനുകളും ചെങ്ങന്നൂർ, എറണാകുളം ജംഗ്ഷൻ സ്റ്റേഷനുകളിൽ ലിഫ്റ്റുകളും കൊല്ലം ജംഗ്ഷൻ സ്റ്റേഷനിൽ ലക്ഷം രൂപ ചെലവിൽ 10 കോണ്‍ക്രീറ്റ് ബെഞ്ചുകളും കേന്ദ്രമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്തു.
ചങ്ങനാശേരി-തിരുവല്ല ഇരട്ടപ്പാത: ഉദ്ഘാടനം വീഡിയോ കോൺഫറൻസിൽ
12:36 AM Aug 20, 2017 | Deepika.com