ന്യൂഡൽഹി: ഓൺലൈൻ ഗെയിം ബ്ലൂ വെയ്ൽ മൂലം ലോകത്ത് കുട്ടികൾ ജീവനൊടുക്കുന്നതിൽ ഡൽഹി ഹൈക്കോടതി ആശങ്കയറിയിച്ചു. കുട്ടികളെപ്പോലെ തന്നെ പ്രായപൂർത്തിയായവരും ഗെയിമിന് അടിമപ്പെടുന്നതിൽ ചീഫ് ജസ്റ്റീസ് ഗീത മിത്തൽ, ജസ്റ്റീസ് സി. ഹരിശങ്കർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നടുക്കം രേഖപ്പെടുത്തി.
കുട്ടികൾ ഈ ഗെയിമിന് അടിമപ്പെടുന്നത് മനസിലാകും. എന്നാൽ, പ്രായപൂർത്തിയായവർ ഗെയിം മാസ്റ്ററുടെ നിർദേശപ്രകാരം കെട്ടിടത്തിനു മുകളിൽനിന്നുചാടുന്നത് എങ്ങനെയാണ്? പ്രായപൂർത്തിയായവരും കുട്ടികളും ഒരേ പോലെ എങ്ങനെയാണ് ഗെയിമിന് അടിമപ്പെടുന്നതെന്നും കോടതി ചോദിച്ചു.
എന്നാൽ, സേർച്ച് എൻജിനുകളിൽനിന്നും സമൂഹമാധ്യമങ്ങളിൽനിന്നും ബ്ലൂ വെയ്ൽ ഗെയിം ലിങ്കുകൾ നീക്കം ചെയ്യണമെന്ന വിധി ഹൈക്കോടതി പുറപ്പെടുവിച്ചില്ല. ബ്ലൂ വെയ്ൽ ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ഗൂഗിൾ, ഫേസ്ബുക്ക്, വാട്ട്സ്ആപ്, ഇൻസ്റ്റഗ്രാം, മൈക്രോസോഫ്റ്റ്, യാഹൂ എന്നിവയ്ക്കു കേന്ദ്രസർക്കാർ നിർദേശം നല്കിയിട്ടുണ്ട്
ബ്ലൂ വെയ്ൽ: ആശങ്കയോടെ ഡൽഹി ഹൈക്കോടതി
01:51 AM Aug 18, 2017 | Deepika.com