കോൽക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പു നടന്ന ആറു നഗരസഭകളിലും ഒരു കോർപറേഷനിലും വൻ ഭൂരിപക്ഷത്തിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചു. ഏഴിടത്തുമായി 158 വാർഡുകളിൽ തൃണമൂൽ വിജയിച്ചു. ആറു വാർഡുകളിൽ വിജയിച്ച ബിജെപി രണ്ടാം സ്ഥാനം നേടിയപ്പോൾ ഒരു സീറ്റ് മാത്രം നേടിയ ഇടതുപക്ഷം മൂന്നാംസ്ഥാനത്തേക്കു കൂപ്പുകുത്തി.
കോൺഗ്രസിന് ഒറ്റ വാർഡിൽപ്പോലും വിജയിക്കാനായില്ല. പൻസ്കുര, ഹൽദിയ, നൽഹാട്ടി, ബുനിയാദ്പുർ, ധുപ്ഗുഡി, കൂപ്പേഴ്സ് ക്യാംപ് എന്നീ മുനിസിപ്പാലിറ്റികളിലേക്കും ദുർഗാപുർ കോർപറേഷനിലേക്കുമാണു തെരഞ്ഞെടുപ്പു നടന്നത്.
ദുർഗാപുർ കോർപറേഷനിലെ 43 വാർഡുകളും തൃണമൂൽ കോൺഗ്രസ് പിടിച്ചെടുത്തു.
ഒരു കാലത്ത് ഇടതുകോട്ടയായിരുന്ന ഹൽദിയ മുനിസിപ്പാലിറ്റിയിൽ ആകെയുള്ള 29 വാർഡുകളും തൃണമൂൽ നേടി.
ജൽപായ്ഗുഡി ജില്ലയിലെ ധുപ്ഗുഡിയിലെ 16 വാർഡുകളിൽ 12 തൃണമൂൽ നേടി. നാലിടത്തു ബിജെപി വിജയിച്ച് സാന്നിധ്യമറിയിച്ചു. ഝാർഗ്രാം മുനിസിപ്പാലിറ്റിയിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിലും തൃണമൂൽ വിജയിച്ചു.
ബംഗാളിൽ എല്ലായിടത്തും തൃണമൂലിനു വൻ വിജയം
12:49 AM Aug 18, 2017 | Deepika.com