ജയ്പുർ: രാജസ്ഥാനിലെ സർവകലാശാലകളിൽ ഈ വർഷം ഗാന്ധിജയന്തിക്ക് അവധി നൽകില്ല. രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗിന്റെ ഓഫീസ് പുറത്തിറക്കിയ 2017- 18 വർഷത്തെ അധ്യയനകലണ്ടറിൽ ആകെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് 24 അവധിദിനങ്ങൾ മാത്രമാണ്.
ഇതിൽ ഓക്ടോബർ രണ്ട് പ്രവൃത്തിദിനമായാണു രേഖപ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബർ ഒന്നിന് മുഹറത്തിനും അതേമാസം 13 മുതൽ 21 വരെ ദീപാവലി പ്രമാണിച്ചും അവധി ഉണ്ട്. ഗുരുനാനാക് ജയന്തി, അംബേദ്കർ ദിനം, മഹാവീര ജയന്തി, മഹാറാണപ്രതാപ് ജയന്തി തുടങ്ങിയ ദിവസങ്ങൾക്കെല്ലാം അവധി നൽകിയപ്പോഴാണു ഗാന്ധിജയന്തി ഒഴിവാക്കിയത്.
സംസ്ഥാനത്തെ 12 സർവകലാശാലകൾക്ക് ഇതിനോടകം അധ്യയന കലണ്ടർ നൽകുകയും ഇതിൽ ചില സർവകലാശാലകൾ കലണ്ടർ പ്രകാരമുള്ള അധ്യയന പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് സർവകലാശാലകളും ഇതു പിന്തുടരാനാണു തീരുമാനിച്ചിരിക്കുന്നതെന്നാണു വിവരങ്ങൾ.
രാജസ്ഥാനിലെ സർവകലാശാലകളിൽ ഗാന്ധിജയന്തിക്ക് അവധിയില്ല
02:18 AM Aug 13, 2017 | Deepika.com