ന്യൂഡൽഹി: ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് ഭാര്യ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരേ നൽകുന്ന പരാതിയിൽ ഉടനടി അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി. ജില്ലാ തലത്തിൽ രൂപീകരിക്കുന്ന കുടുംബക്ഷേമ സമിതികൾ പരിശോധിച്ചതിനുശേഷം മാത്രമേ അറസ്റ്റ് നടത്താവൂ.
ഗാർഹിക പീഡനം തടയുന്നതിനായുള്ള നിയമത്തിൽ ക്രിമിനൽ നടപടി പ്രതിപാദിക്കുന്ന ഐപിസി 498 എ ഉൾപ്പെടുത്തിയിരിക്കുന്നതു ദുരുപയോഗം ചെയ്യുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. ഇത്തരം കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥരും കോടതികളും സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് മാർഗനിർദേശവും കോടതി പുറപ്പെടുവിച്ചു.
ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനത്തെത്തുടർന്ന് സ്ത്രീകൾ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ സംഭവിച്ചാൽ സ്വീകരിക്കേണ്ട നടപടിയായാണ് ഗാർഹിക പീഡനം തടയുന്ന നിയമത്തിൽ ക്രിമിനൽ നടപടിച്ചട്ടം ഉൾപ്പെടുത്തിയത്. എന്നാൽ, ഈ വ്യവസ്ഥ ചൂണ്ടിക്കാട്ടി സ്ത്രീകൾ ഗാർഹിക പീഡനം ആരോപിച്ച് പരാതി നൽകിയാലുടൻ അറസ്റ്റ് നടത്തുന്നതാണ് സംഭവിക്കുന്നതിൽ അധികവും. ഇതു മുന്നിൽക്കണ്ട് വ്യാജമായി പരാതി നൽകുന്നതു വളരെയധികമായിട്ടുണ്ട്. ഇത്തരം ദുരുപയോഗങ്ങൾ തടയേണ്ടതുണ്ട്.
കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ:-
എല്ലാ ജില്ലകളിലും ലീഗൽ സർവീസ് അഥോറിറ്റിയുടെ നേതൃത്വത്തിൽ ഒന്നോ അതിലധികമോ കുടുംബ ക്ഷേമ കമ്മിറ്റികൾ രൂപീകരിച്ച് പരാതികളുടെ നിജസ്ഥിതി പരിശോധിക്കണം. ജില്ലാ ജഡ്ജിയുടെയോ ജില്ലയിലെ സെഷൻസ് ജഡ്ജിയുടെയോ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി ചെയർമാന്റെയോ മേൽനോട്ടത്തിലാവണം സമിതി പ്രവർത്തിക്കേണ്ടത്.
ഗാർഹിക പീഡന പരാതികൾ കുടുംബക്ഷേമ സമിതികൾക്കു കൈമാറണം.
ഒരു മാസത്തിനുള്ളിൽ സമിതി പരിശോധന റിപ്പോർട്ട് നൽകണം.
സമിതി അന്വേഷണം നടത്തുന്ന കാലയളവിൽ അറസ്റ്റ് പാടില്ല.
ഗാർഹിക പീഡന കേസുകളിൽ ഒത്തുതീർപ്പിലാണ് എത്തുന്നതെങ്കിൽ അത് ജില്ലാ, സെഷൻസ് ജഡ്ജിയുടെയോ മുതിർന്ന ജുഡീഷൽ ഉദ്യോഗസ്ഥരുടെയോ മുന്നിൽ വച്ചായിരിക്കണം. അത്തരം സന്ദർഭങ്ങളിൽ ക്രിമിനൽ നടപടികൾ അവസാനിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
ഇത്തരം കേസുകളിൽ ആരോപിതരായവർക്ക് വ്യക്തിപരമായി ഹാജരാകാനാവില്ലെങ്കിൽ വിചാരണ പുരോഗമിക്കുന്നതിനനുസരിച്ച് അവർക്കായി വീഡിയോ കോണ്ഫറൻസ് അനുവദിക്കുകയോ ഇളവ് നൽകുകയോ ചെയ്യാവുന്നതാണെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
ജിജി ലൂക്കോസ്
ഗാർഹിക പീഡനം: ഭർത്താവിനെതിരേ നൽകുന്ന പരാതിയിൽ ഉടൻ അറസ്റ്റ് പാടില്ലെന്നു സുപ്രീംകോടതി
01:03 AM Jul 28, 2017 | Deepika.com