ന്യൂഡൽഹി: രാജ്യത്തെ മൊത്തം ആത്മഹത്യകളുടെ എട്ടു മുതൽ പത്തു ശതമാനം വരെയേ കർഷക ആത്മഹത്യകൾ ഉള്ളൂവെന്നു കൃഷിമന്ത്രി രാധാ മോഹൻ സിംഗ് രാജ്യസഭയിൽ. മന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ചു കോണ്ഗ്രസ് വാക്കൗട്ട് നടത്തി. കാർഷിക പ്രതിസന്ധി സംബന്ധിച്ചു ഹ്രസ്വ ചർച്ചയ്ക്ക് ഇന്നലെ രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
ഒരു മണിക്കൂറിലധികം നീണ്ട പ്രസംഗത്തിൽ അംഗങ്ങൾ ഉന്നയിച്ച വിഷയങ്ങൾക്കൊന്നും മന്ത്രി കൃത്യമായ മറുപടി നൽകിയതുമില്ല.
മന്ത്രിയുടെ മറുപടിക്കു പിന്നാലെ, നിങ്ങളുടെ പദ്ധതികൾ വളരെ നല്ലതാണ്. പക്ഷേ അതിന്റെ നേട്ടങ്ങളൊന്നും കർഷകർക്കു ലഭിക്കുന്നില്ലെന്ന് കോണ്ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പറഞ്ഞു. തുടർന്ന് സഭ വിട്ട സിംഗിനു പിന്നാലെ കോണ്ഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി. രാജ്യത്ത് വലിയ വിളവെടുപ്പുണ്ടായിരുന്നപ്പോൾ ഗോതന്പിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചത് എന്തിനാണെന്നും കോണ്ഗ്രസ് നേതാവ് ചോദിച്ചു.
കർഷക ആത്മഹത്യകൾ കണക്കിൽ കുറവെന്നു മന്ത്രി
02:23 AM Jul 27, 2017 | Deepika.com