ന്യൂഡൽഹി: അഴിമതിയാരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനു മൂക്കുകയറിടാൻ പാർട്ടി കേന്ദ്ര നേതൃത്വം തയാറെടുക്കുന്നു. സംസ്ഥാനത്തെ സംഘടനാ പ്രവർത്തനം വിലയിരുത്താൻ കേന്ദ്ര നേതൃത്വം ഉപസമിതിയെ നിയോഗിക്കും.
സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ സ്വത്തു വിവരങ്ങളും ഉപസമിതി പരിശോധിക്കും. ആർഎസ്എസ് നിർദേശം അനുസരിച്ചാണ് ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിനു മേൽ പിടിമുറുക്കുന്നതെന്നാണു വിവരം. സംസ്ഥാന നേതൃത്വത്തിനെതിരായ അഴിമതി ആരോപണം കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേ ഷിപ്പിക്കാനും കേന്ദ്ര സർക്കാർ നീക്കം നടത്തുന്നുണ്ട്. ഹവാല ഇടപാടുകളും വ്യാജരസീത് ഉണ്ടാക്കി പണം തട്ടിയതും ഉൾപ്പെടെ എൻഫോഴ്സമെന്റ് അന്വേഷിക്കുമെന്നാണ് സൂചന.
അതിനിടെ, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ വിളിച്ച് അഴിമതി ആരോപണങ്ങളിലുള്ള അതൃപ്തി അറിയിച്ചിരുന്നു. ഉപസമിതിയെ നിയോഗിക്കുന്നതിലൂടെ സംസ്ഥാന നേതൃത്വത്തെ നിരീക്ഷിക്കുന്നതിനു പുറമേ നേതൃനിരയിൽ വലിയ അഴിച്ചുപണി നടത്താനും കേന്ദ്ര നേതൃത്വത്തിനു പദ്ധതിയുണ്ട്. ഇതോടൊപ്പം സംസ്ഥാനഘടകത്തിൽ തലമുറമാറ്റത്തിനുള്ള നടപടികളും കേന്ദ്രനേതൃത്വം സ്വീകരിക്കുമെന്നാണു വിവരം. ഉപസമിതിയിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരായ മുരളീധർ റാവു, ഭൂപേന്ദർ യാദവ്, കേരളത്തിന്റെ സംഘടനാചുമതലയുള്ള എച്ച്. രാജ എന്നിവർ അംഗങ്ങളാകും.
ബൂത്ത് തലം മുതലുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്ന സമിതി സംസ്ഥാനനേതാക്കളുടെ സാന്പത്തിക ഇടപാടുകളും പരിശോധിക്കും. കേരളത്തിനു പുറത്തേക്കുള്ള നേതാക്കളുടെ യാത്രകളും ഇനി കേന്ദ്ര സമിതിയുടെ നിരീക്ഷണത്തിലാകും. മൂന്നു മാസം കൂടുന്പോൾ ഉപസമിതിയുടെ യോഗം ചേരണമെന്നും അമിത്ഷാ നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ, കോഴ ആരോപണത്തിൽ ശക്തമായ നിലപാടാണ് ആർഎസ്എസ്, ബിജെപി കേന്ദ്രനേതൃത്വങ്ങൾ സ്വീകരിച്ചത്. മുഖം നോക്കാതെ നടപടിയെടുക്കണമെന്നാണ് ആർഎസ്എസിന്റെ കർശന നിർദേശം. പൊതുതെരഞ്ഞെടുപ്പിനായി മികച്ച പ്രവർത്തനം നടത്തിവരുന്ന സാധാരണപാർട്ടി പ്രവർത്തകരുടെ വികാരം നേതൃത്വം മനസിലാക്കണമെന്നും ആർഎസ്എസ് ചൂണ്ടിക്കാട്ടി.
കോഴ വിവാദം സംബന്ധിച്ച അന്വേഷണം അതിന്റെ വഴിക്കു നടക്കട്ടെ എന്നാണ് ഇന്നലെ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണോ എന്ന ചോദ്യത്തിന് മാധ്യമ പ്രവർത്തകരുടെ അഭിപ്രായം എന്താണെന്നാണ് പിണറായി ചോദിച്ചത്.
ബിജെപിയിലെ കോഴവിവാദം: കേരള നേതൃത്വത്തെ നിരീക്ഷിക്കാൻ കേന്ദ്ര ഉപസമിതി
01:24 AM Jul 23, 2017 | Deepika.com