രാജതുല്യം ഇൗ പദവി

01:48 AM Jul 21, 2017 | Deepika.com
ഇ​ന്ത്യ​യി​ൽ എ​ഴു​ത​പ്പെ​ട്ട ഭ​ര​ണ​ഘ​ട​ന​യു​ടെ ത​ല​വ​നാ​ണ് രാ​ഷ്‌ട്രപ​തി. അ​ദ്ദേ​ഹ​ത്തി​നു വി​വേ​ച​നാ​ധി​കാ​ര​മോ ഭ​ര​ണാ​ധി​കാ​ര​മോ ഇ​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​നാശി​ല്പി​യാ​യ ഡോ. ​അം​ബേ​ദ്ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ബ്രി​ട്ടീ​ഷ് രാ​ജ്ഞി​ക്കു തു​ല്യ​മാ​യ പ​ദ​വി. അ​തു​കൊ​ണ്ടു ത​ന്നെ രാ​ഷ്‌ട്രപ​തി രാ​ഷ്‌ട്രത്ത​ല​വ​നാ​ണ്, ഭ​ര​ണ​ത്ത​ല​വ​ന​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കു​ന്നു.

ഭ​ര​ണ​ഘ​ട​ന​യു​ടെ ത​ല​വ​ൻ രാ​ഷ്‌ട്രപ​തി​യാ​ണെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ ഭ​ര​ണനി​ർ​വ​ഹ​ണം ന​ട​ത്തു​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി​യും മ​ന്ത്രി​സ​ഭ​യു​മാ​ണ്. പ്ര​ധാ​ന​മ​ന്ത്രി​യെ നി​യ​മി​ക്കാ​നു​ള്ള അ​ധി​കാ​ര​വും രാ​ഷ്‌ട്രപ​തി​ക്കാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ ഭ​ര​ണ​നി​ർ​വ​ഹ​ണാ​ധി​കാ​ര​വും ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം 53 (1) പ്ര​കാ​രം രാ​ഷ്‌ട്ര​പ​തി​യി​ൽ നിക്ഷിപ്തമാണ്. പാ​ർ​ല​മെ​ന്‍റി​നോ​ട് ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യും മ​ന്ത്രി​സ​ഭ​യും യ​ഥാ​വി​ധി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് ഈ ​അ​ധി​കാ​രം രാ​ഷ്‌ട്രപ​തി വി​നി​യോ​ഗി​ക്കു​ന്ന​ത്. ആ​വ​ശ്യാ​നു​സ​ര​ണം ഇ​ത് ഉ​ദ്യോ​ഗ​സ്ഥ​രി​ലൂ​ടെ പ്ര​യോ​ഗി​ക്കാ​നും രാ​ഷ്‌ട്രപ​തി​ക്ക് അ​ധി​കാ​ര​മു​ണ്ട്.

പ​ര​മോ​ന്ന​ത നി​യ​മ​ന​ങ്ങ​ൾ

ഭ​ര​ണ​ഘ​ട​നാ ത​ല​വ​നാ​യ​തി​നാ​ൽ സു​പ്രീംകോ​ട​തി​യി​ലെ​യും ഹൈ​ക്കോ​ട​തി​ക​ളി​ലെ​യും ചീ​ഫ് ജ​സ്റ്റീ​സ് അ​ട​ക്ക​മു​ള്ള ജ​ഡ്ജി​മാ​ർ, സം​സ്ഥാ​ന ഗ​വ​ർ​ണ​ർ​മാ​ർ, കൺട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ തു​ട​ങ്ങി​യ ഭ​ര​ണ​ഘ​ട​നാ പ​ദ​വി​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​വും രാ​ഷ്‌ട്രപ​തി​ക്കാ​ണ്. ലോ​ക്സ​ഭ​യി​ലെ​യും രാ​ജ്യ​സ​ഭ​യി​ലെ​യും നോമിനേറ്റഡ് അംഗങ്ങളുടെ നി​യ​മ​ന​വും രാഷ്‌ട്രപ​തി​യു​ടെ അ​ധി​കാ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നു മാ​ത്ര​മ​ല്ല, ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന വി​ധ​ത്തി​ൽത്ത​ന്നെ അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്നു​റ​പ്പ് വ​രു​ത്തേ​ണ്ട​തും രാഷ്‌ട്രപ​തി​യു​ടെ ചു​മ​ത​ല​യാ​ണ്.

ഭ​ര​ണനി​ർ​വ​ഹ​ണ​ത്തി​ന്‍റെ ചു​മ​ത​ല രാ​ഷ്‌ട്രപ​തി​ക്ക് ആ​യ​തി​നാ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഭ​ര​ണ സം​വി​ധാ​നം ത​ക​ർ​ന്നാ​ൽ സ​ർ​ക്കാ​രി​നെ പി​രി​ച്ചു​വി​ട്ട് ഭ​ര​ണം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ഭ​ര​ണ​ഘ​ട​ന​യു​ടെ 356-ാം വ​കു​പ്പ് പ്ര​കാ​രം രാ​ഷ്‌ട്രപ​തി​ക്ക് അ​ധി​കാ​ര​മു​ണ്ട്. എ​ന്നാ​ൽ, ഇ​തു സ്വേ​ച്ഛപ​ര​വും ഏ​ക​പ​ക്ഷീ​യ​വു​മാ​യ രീ​തി​യി​ലാ​ക​രു​തെ​ന്ന് ഭ​ര​ണ​ഘ​ട​ന വ്യ​ക്ത​മാ​ക്കു​ന്നു. സം​സ്ഥാ​ന​ങ്ങ​ളി​ൽ ഭ​ര​ണ ത​ക​ർ​ച്ച​യു​ണ്ടാ​യാ​ലും പ്ര​ധാ​ന​മ​ന്ത്രി​യും മ​ന്ത്രി​സ​ഭ​യും യോ​ഗം ചേ​ർ​ന്ന് സം​സ്ഥാ​ന​ത്തെ അ​വ​സ്ഥ വി​ശ​ദ​മാ​ക്കി ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ലും രേ​ഖാ​മൂ​ലം ന​ൽ​കു​ന്ന അ​പേ​ക്ഷ​യി​ലും രാ​ഷ്‌ട്രപ​തി തീ​രു​മാ​ന​മെ​ടു​ക്ക​ണം. കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ പി​രി​ച്ചു​വി​ടാ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 365-ാം അ​നു​ച്ഛേ​ദ​വും രാ​ഷ്‌ട്രപ​തി​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്നു​ണ്ട്.

അ​ധി​കാ​രം അ​തി​രി​നു​ള്ളി​ൽ

കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ കാ​ര്യ​ത്തി​ൽ ഈ ​വി​വേ​ച​നാ​ധി​കാ​രം രാഷ്‌ട്രപ​തി​ക്കി​ല്ല. ജ​നാ​ധി​പ​ത്യ സം​വി​ധാ​ന പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​ലി​യ ക​ക്ഷി​ക്കാ​ണ് ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ ചു​മ​ത​ല. ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം രാഷ്‌ട്ര​പ​തി ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​നു​ള്ള അ​ധി​കാ​രം ത​നി​ക്കു വി​ശ്വാ​സ​യോ​ഗ്യ​മാ​യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കു കൈ​മാ​റു​ന്നു. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന​തു വ​രെ ഈ ​വി​ശ്വാ​സം നി​ല​നി​ർ​ത്തു​ക​യ​ല്ലാ​തെ, സം​സ്ഥാ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലു​ള്ള വി​വേ​ച​നാ​ധി​കാ​രം കേ​ന്ദ്ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ വി​നി​യോ​ഗി​ക്കാ​ൻ രാ​ഷ്‌ട്രപ​തി​ക്കാ​വി​ല്ല. അ​ങ്ങ​നെ​യു​ള്ള അ​വ​സ​ര​ങ്ങ​ളി​ൽ പാ​ർ​ല​മെ​ന്‍റി​നാ​ണ് ഈ ​അ​ധി​കാ​രം ഉ​പ​യോ​ഗി​ക്കാ​നാ​വു​ക. പാ​ർ​ല​മെ​ന്‍റ് വി​ളി​ച്ചു ചേ​ർ​ക്കാ​നു​ള്ള അ​ധി​കാ​ര​വും പി​രി​ച്ചു​വി​ടാ​നു​ള്ള അ​ധി​കാ​ര​വും രാഷ്‌ട്രപ​തി​യി​ൽ നി​ക്ഷി​പ്ത​മാ​ണ്.

ഭ​ര​ണ​ഘ​ട​നാത്ത​ല​വ​ൻ എ​ന്ന നി​ല​യി​ൽ രാ​ഷ്‌ട്രപ​തി​ക്ക് ചി​ല വി​വേ​ച​നാ​ധി​കാ​ര​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ഏ​ക​പ​ക്ഷീ​യ​മാ​യോ സ്വേ​ച്ഛപ​ര​മാ​യോ വി​നി​യോ​ഗി​ക്കാ​നാ​വി​ല്ല. എ​ന്നു​വ​ച്ചാ​ൽ, ഭ​ര​ണ​ഘ​ട​ന പ​രി​ധി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന നാ​ല​തി​രു​ക​ൾ​ക്കു​ള്ളി​ലാ​ണ് രാഷ്‌ട്രപ​തി​യു​ടെ അ​ധി​കാ​ര​ങ്ങ​ൾ. അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ ശി​പാ​ർ​ശ പ്ര​കാ​രം മാ​ത്ര​മേ രാഷ്‌ട്രപ​തി​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വൂ. സാ​യു​ധ സേ​ന​യു​ടെ ത​ല​വ​ൻ രാ​ഷ്‌ട്രപ​തി​യാ​ണെ​ങ്കി​ലും സൈ​നി​ക നീ​ക്ക​ങ്ങ​ളി​ൽപോ​ലും പ​രി​മി​ത​മാ​യ അ​ധി​കാ​ര​ങ്ങ​ൾ മാ​ത്ര​മേയുള്ളൂ. എ​ന്നു​വ​ച്ചാ​ൽ, ഇ​ന്ത്യ​ൻ രാഷ്‌ട്രപ​തി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​നെപോ​ലെ മു​ഴു​വ​ൻ അ​ധി​കാ​ര​ങ്ങ​ളും കൈ​യാ​ളു​ന്ന​യാ​ളോ ബ്രി​ട്ടി​ഷ് രാ​ജ്ഞി​യെ​പ്പോ​ലെ ആ​ല​ങ്കാ​രി​ക സ്ഥാ​നം വ​ഹി​ക്കു​ന്ന​യാ​ളോ അ​ല്ല. അ​ദ്ദേ​ഹം രാഷ്‌ട്രത്തി​ന്‍റെ സം​ര​ക്ഷ​ക​നും ഭ​ര​ണ​ഘ​ട​ന​യു​ടെ കാ​വ​ൽ​ക്കാ​ര​നു​മാ​ണ്.

നി​യ​മം വി​ര​ൽ​ത്തു​ന്പി​ൽ

ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം നി​യ​മ നി​ർ​മാ​ണ​ങ്ങ​ളു​ടെ അ​ധി​കാ​ര​വും രാ​ഷ്‌ട്രപ​തി​ക്കാ​ണ്. ജ​നാ​ധി​പ​ത്യ സം​വി​ധാ​ന പ്ര​കാ​രം നി​യ​മ നി​ർ​മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല പാ​ർ​ല​മെ​ന്‍റി​നാ​ണെ​ങ്കി​ലും രാ​ഷ്‌ട്രപ​തി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ മാ​ത്ര​മേ നി​യ​മ​മാ​കൂ. അ​തു​കൊ​ണ്ടു ത​ന്നെ പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യാ​ലും ധ​ന​കാ​ര്യ ബി​ല്ലു​ക​ളും ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യും ഒ​ഴി​കെ​യു​ള്ള ബി​ല്ലു​ക​ൾ ത​ട​ഞ്ഞു വ​യ്ക്കാ​നോ പു​നഃ​പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രി​ച്ച​യ​യ്ക്കാ​നോ ഉ​ള്ള വി​വേ​ച​നാ​ധി​കാ​രം രാഷ്‌ട്രപ​തി​ക്കു​ണ്ട്. സം​സ്ഥാ​ന നി​യ​മ​സ​ഭ പാ​സാ​ക്കു​ന്ന ചി​ല ബി​ല്ലു​ക​ൾ​ക്കും രാ​ഷ്‌ട്രപ​തി​യു​ടെ അം​ഗീ​കാ​രം ആ​വ​ശ്യ​മാ​ണ്.

ഇ​തു മാ​ത്ര​മ​ല്ല, പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ളി​ക്കാ​ത്ത അ​വ​സ​ര​ങ്ങ​ളി​ൽ നി​യ​മ നി​ർ​മാ​ണ​ത്തി​നാ​യി ഓ​ർ​ഡി​ന​ൻ​സ് പു​റ​ത്തി​റ​ക്കാ​നും രാ​ഷ്‌ട്രപ​തി​ക്ക് അ​ധി​കാ​ര​മു​ണ്ട്. ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥി​തി പ്ര​കാ​രം ഭ​ര​ണ​നി​ർ​വാ​ഹ​ക​രാ​യ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് ഓ​ർ​ഡി​ന​ൻ​സ് പു​റ​ത്തി​റ​ക്കു​ക. ഇ​തി​നു ഭ​ര​ണ​ഘ​ട​ന​യു​ടെ 123-ാം അ​നു​ച്ഛേ​ദം രാഷ്‌ട്രപ​തി​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്നു​ണ്ട്. പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കാ​നാ​കാ​ത്ത നി​യ​മ​ങ്ങ​ളും ഇ​ത്ത​ര​ത്തി​ൽ ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ നി​യ​മ​മാ​യി​ട്ടു​ണ്ട്. ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ ഇ​തു നി​യ​മ​മാ​യി​ല്ലെ​ങ്കി​ൽ ഓ​ർ​ഡി​ന​ൻ​സി​ന്‍റെ സാ​ധു​ത ഇ​ല്ലാ​താ​കും. ഒ​രു ത​വ​ണ ഓ​ർ​ഡി​ന​ൻ​സാ​യി പു​റ​ത്തി​റ​ക്കു​ന്ന​വ നി​യ​മ​മാ​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ അ​തു വീ​ണ്ടും ഓ​ർ​ഡി​ന​ൻ​സാ​യി പു​റ​ത്തി​റ​ക്കാ​നും നി​യ​മം അ​നു​വ​ദി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​ത് നി​യ​മം നി​ർ​മി​ക്കാ​നു​ള്ള പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​ധി​കാ​ര​ത്തെ മ​റി​ക​ട​ക്കു​ന്ന​താ​ണെ​ന്ന വാ​ദം ഓ​ർ​ഡി​ന​ൻ​സി​നെ​തി​രേ കാ​ല​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്നു. പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്ത് വോ​ട്ടി​നി​ട്ട് വി​ജ​യി​ക്കാ​നാ​കാ​ത്ത ബി​ല്ലു​ക​ളാ​ണ് സ​ർ​ക്കാ​ർ ഇ​ത്ത​ര​ത്തി​ൽ ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ പു​റ​ത്തി​റ​ക്കു​ന്ന​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. ഇ​തി​നാ​യി രാ​ഷ്‌ട്രപ​തി​യു​ടെ അ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നും ക​ക്ഷി നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

ഒ​രു ഓ​ർ​ഡി​ന​ൻ​സ് പു​റ​ത്തി​റ​ക്കി​യാ​ൽ അ​തു സം​ബ​ന്ധി​ച്ച ബി​ൽ ആ​റ് ആ​ഴ്ച​യ്ക്ക​കം നി​ർ​ബ​ന്ധ​മാ​യും നി​യ​മ നി​ർ​മാ​താ​ക്ക​ളു​ടെ മു​ന്നി​ലെ​ത്തി​ക്ക​ണ​മെ​ന്നും അ​തു നി​യ​മ​മാ​ക്ക​ണ​മെ​ന്നു​മാ​ണ് ഭ​ര​ണ​ഘ​ട​ന​യു​ടെ 123, 213 വ​കു​പ്പു​ക​ളി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്. നി​യ​മനി​ർ​മാ​താ​ക്ക​ൾ ഇ​തു ത​ള്ളി​യാ​ൽ ഓ​ർ​ഡി​ന​ൻ​സ് പി​ൻ​വ​ലി​ക്കു​ക​യും വേ​ണം. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ലും നി​യ​മ നി​ർ​മാ​ണ സ​ഭ​ക​ൾ ചേ​രാ​തി​രി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ലും രാ​ഷ്‌ട്രപ​തി​ക്കും ഗ​വ​ർ​ണ​ർ​ക്കും ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ നി​യ​മം കൊ​ണ്ടു​വ​രാ​ൻ അ​ധി​കാ​ര​മു​ണ്ടെ​ങ്കി​ലും സ​മാ​ന്ത​ര നി​യ​മ നി​ർ​മാ​ണ രീ​തി​യാ​യി ഓ​ർ​ഡി​ന​ൻ​സി​നെ ക​ണ​ക്കാ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും സു​പ്രീംകോ​ട​തി അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഓ​ർ​ഡി​ന​ൻ​സ് തു​ട​ർ​ക്ക​ഥ​യാ​കു​മോ?

2014ൽ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ 2016 ഓ​ഗ​സ്റ്റി​ന​ക​മാ​യി 22ൽ ​അ​ധി​കം ഓ​ർ​ഡി​ന​ൻ​സു​ക​ൾ പു​റ​ത്തി​റ​ക്കി​. ഇ​തി​ൽ കൂ​ടു​ത​ലും ഒ​ന്നി​ലേ​റെ ത​വ​ണ​യും നാ​ലും അ​ഞ്ചും ത​വ​ണ​യാ​യ​തും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ആ​വ​ർ​ത്തി​ച്ച് ഓ​ർ​ഡി​ന​ൻ​സ് പു​റ​ത്തി​റ​ക്കു​ന്ന ന​ട​പ​ടി​യെ പ്ര​ണാ​ബ് മു​ഖ​ർ​ജി എ​തി​ർ​ത്തി​രു​ന്നു. ഓ​ർ​ഡി​ന​ൻ​സ് പു​റ​ത്തി​റ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​മ​ന്ത്രി​സ​ഭ ന​ട​ത്തു​ന്ന ശി​പാ​ർ​ശ അം​ഗീ​ക​രി​ക്കാ​നും അ​തു ത​ള്ളി​ക്ക​ള​യാ​നു​മു​ള്ള വി​വേ​ച​നാ​ധി​കാ​രം രാ​ഷ്‌ട്രപ​തി​ക്കു​ണ്ട്. രാ​ജ്യ​സ​ഭ​യി​ൽ ന്യൂ​ന​പ​ക്ഷ സം​ഖ്യാ​ബ​ല​മു​ള്ള മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ​ല നീ​ക്ക​ങ്ങ​ൾ​ക്കു​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഓ​ർ​ഡി​ന​ൻ​സ് പാ​ത​യ്ക്ക് പ്ര​ണാബ് മു​ഖ​ർ​ജി​യു​ടെ ചി​ല തീ​രു​മാ​ന​ങ്ങ​ളും വി​ല​ങ്ങു​ത​ടി​യാ​യി​ട്ടു​ണ്ട്. പ്ര​ണാബ് മു​ഖ​ർ​ജി​ക്കു ശേ​ഷം 14-ാമ​ത് രാ​ഷ്ട്ര​പ​തി​യാ​യി ന​രേ​ന്ദ്ര മോ​ദി ക​ണ്ടെ​ത്തി​യ രാം​നാ​ഥ് കോ​വി​ന്ദ് പ​ദ​വി​യി​ലെ​ത്തു​ന്ന​തോ​ടെ ഈ ​ത​ട​സം നീ​ക്കാ​നാ​വു​മെ​ന്നും ദേ​ശീ​യ രാഷ്‌ട്രീയം വി​ല​യി​രു​ത്തു​ന്നു. ഇ​ത് ഭ​ര​ണ​ഘ​ട​നാ ത​ത്വ​ങ്ങ​ൾ​ക്കു വി​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്നും ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ന്ത​സ​ത്ത മ​ലീ​മ​സ​മാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

രാ​ഷ്‌ട്രപ​തി ഭ​വ​ൻ- സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ര​മ്യ​ഹ​ർ​മ്യം

ഇ​ന്ത്യ​ൻ രാ​ഷ്‌ട്രപ​തി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​ണു രാ​ഷ്‌ട്രപ​തി​ഭ​വ​ൻ. ന്യൂ​ഡ​ൽ​ഹി​യി​ലെ റെയ്സീ​ന കു​ന്നി​ൽ 33 ഏ​ക്ക​റി​ലാ​ണ് അ​തു സ്ഥി​തി ചെ​യ്യു​ന്ന​ത്. എ​ച്ച് ആ​കൃ​തി​യി​ൽ 200,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ഇൗ ​മ​നോ​ഹ​ര സൗ​ധം ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്നു. നാ​ലു നി​ല​ക​ളി​ലാ​യി 340 മു​റി​ക​ളു​ണ്ട്. ര​ണ്ട​ര കി​ലോ​മീ​റ്റ​റോ​ളം ഇ​ട​നാ​ഴി​ക​ൾ ത​ന്നെ​യു​ണ്ട് ഇ​തി​നു​ള്ളി​ൽ. 19 ഏ​ക്ക​റു​ള്ള മ​നോ​ഹ​ര​മാ​യ ഉ​ദ്യാ​ന​വും ഉ​ണ്ട്.1931 ജ​നു​വ​രി 23ന് ​വെെസ്രോയ് ഇ​ർ​വി​ൻ പ്ര​ഭു ഇ​വി​ടെ താ​മ​സം തു​ട​ങ്ങി. ലോ​ക​രാ​ഷ്‌ട്രത്ത​ല​വ​ന്മാ​രു​ടെ വ​സ​തി​ക​ളി​ൽ ഏ​റ്റ​വും വ​ലു​ത് എ​ന്ന സ്ഥാ​നം ഇ​പ്പോ​ഴും രാഷ്‌ട്രപ​തി ഭ​വ​ന​ത്തി​നു ത​ന്നെ​യാ​ണ്. 17 വ​ർ​ഷം കൊ​ണ്ടു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഈ ​മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണ​ച്ചെ​ല​വ് 140 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു. സ​ർ എ​ഡ്വി​ൻ ലുട്യൻസും ഹെ​ർ​ബ​ർ​ട്ട് ബേ​ക്ക​റു​മാ​യി​രു​ന്നു രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. രാഷ്‌ട്രപ​തി ഭ​വ​നു​ള്ളി​ലെ ചെ​റി​യ മ​ന്ദി​ര​ത്തി​ലാ​ണ് രാ​ഷ്‌ട്ര​പ​തി താ​മ​സി​ക്കു​ന്ന​ത്. പ്ര​ധാ​ന മ​ന്ദി​ര​ത്തി​ൽ അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ക​യാ​ണു പ​തി​വ്.

‌ഇ​തി​നു പു​റ​മേ രാഷ്‌ട്രപ​തി​ക്ക് താ​മ​സി​ക്കാ​ൻ പൂ​ർ​ണ​മാ​യും മ​ര​ത്തി​ൽ നി​ർ​മി​ച്ച മ​ന്ദി​ര​മാ​ണ് സിം​ല​യി​ലെ മ​ഷോ​ർ​ബ​യി​ലു​ള്ള​ത്. ഹൈ​ദ​രാ​ബാ​ദി​ലു​ള്ള വ​സ​തി രാഷ്‌ട്രപ​തി നി​ല​യം എ​ന്നാ​ണ​റി​യ​പ്പെ​ടു​ന്ന​ത്. 11 മു​റി​ക​ളു​ള്ള ഈ ​കെ​ട്ടി​ടം ഹൈ​ദ​രാ​ബാ​ദ് നൈ​സാ​മി​ന്‍റെ കൈ​യി​ൽനി​ന്നും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​താ​ണ്.

രാംനാഥ് കോവിന്ദ് ഇ​നി

ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യരാ​ജ്യ​ത്തി​ന്‍റെ പ്ര​ഥ​മ​പൗ​ര​ൻ. രാ​ജ്യ ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മേ​ൽ​വി​ലാ​സ​ത്തി​ന് ഉ​ട​മ. ഒ​ന്ന​ര​ല​ക്ഷം രൂ​പ ശ​ന്പ​ളം, അ​തും നി​കു​തി​യി​ല്ലാ​തെ. രാഷ്‌ട്രപ​തി​യു​ടെ ശ​ന്പ​ളം ഉ​ട​ൻ ത​ന്നെ അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ക്കി ഉ​യ​ർ​ത്താ​നും ശി​പാ​ർ​ശ​യു​ണ്ട്. രാ​ഷ്‌ട്ര​ത്തി​ന്‍റെ അ​ഭി​മാ​ന​മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്ക് സാ​ക്ഷി. ഡ​ൽ​ഹി​യി​ലെ താ​മ​സം വി​ര​സ​മാ​കു​ന്പോ​ൾ സിം​ല​യി​ലും ഹൈ​ദ​രാ​ബാ​ദി​ലും വ​സ​തി​ക​ൾ. 200ൽ അ​ധി​കം അ​ക​ന്പ​ടി ഉ​ദ്യോ​ഗ​സ്ഥ​രും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും. ആ​ല​ങ്കാ​രി​ക​ത​ക​ൾ ഏ​റെ​യു​ള്ള പ​ദ​വി​യി​ലേ​ക്കാ​ണ് രാം​നാ​ഥ് കോ​വി​ന്ദ് കാ​ൽ​വ​യ്ക്കുന്ന​ത്.

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് വോട്ട്നില വർഷങ്ങളിലൂടെ

സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ല​​​ഭി​​​ച്ച വോ​​​ട്ട്മൂ​​​ല്യം

2017
രാം​​​നാ​​​ഥ് കോ​​​വി​​​ന്ദ് 702044
മീ​​​രാ​​​കു​​​മാ​​​ർ 367314

2012
പ്ര​​​ണാ​​​ബ് മു​​​ഖ​​​ർ​​​ജി 713763
പി.​​​എ. സാം​​​ഗ്‌​​​മ 145848

2007
പ്ര​​​തി​​​ഭാ പാ​​​ട്ടീ​​​ൽ 638116
ബി.​​​എ​​​സ്. ഷെ​​​ഖാ​​​വ​​​ത്ത് 331306

2002
എ.​​​പി.​​​ജെ. അ​​​ബ്ദു​​​ൾ​​​ക​​​ലാം 922884
ല​​​ക്ഷ്മി സെ​​​ഗാ​​​ൾ 107366

1997
കെ.​​​ആ​​​ർ. നാ​​​രാ​​​യ​​​ണ​​​ൻ 956290
ടി.​​​എ​​​ൻ. ശേ​​​ഷ​​​ൻ 50631

1992
ശ​​​ങ്ക​​​ർ​​​ദ​​​യാ​​​ൽ ശ​​​ർ​​​മ 675864
ജി.​​​ജി. സ്വെ​​​ൽ 346485

1987
ആ​​​ർ. വെ​​​ങ്ക​​​ട്ട​​​രാ​​​മ​​​ൻ 740148
വി.​​​ആ​​​ർ. കൃ​​​ഷ്ണ​​​യ്യ​​​ർ 281550

1982
സെ​​​യി​​​ൽ​​​സിം​​​ഗ് 754113
എ​​​ച്ച്.​​​ആ​​​ർ. ഖ​​​ന്ന 282685

1977
മ​​​ത്സ​​​ര​​​മി​​​ല്ലാ​​​തെ
എ​​​ൻ. സ​​​ഞ്ജീ​​​വ​​​റെ​​​ഡ്ഡി

1974
ഫ​​​ക്രു​​​ദീ​​​ൻ അ​​​ലി അ​​​ഹ​​​മ്മ​​​ദ് 765587
തൃദീ​​​ബ് ചൗ​​​ധ​​​രി 189196

1969
വി.​​​വി. ഗി​​​രി 420077
എ​​​ൻ. സ​​​ഞ്ജീ​​​വ​​​റെ​​​ഡ്ഡി 405427
സി.​​​ഡി. ദേ​​​ശ്മു​​​ഖ് 112769
(ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ര​​​ണ്ടു
റൗ​​​ണ്ട് വോ​​​ട്ടെ​​​ണ്ണ​​​ൽ വേ​​​ണ്ടി​​​വ​​​ന്നു)

1967
ഡോ. ​​​സ​​​ക്കീ​​​ർ ഹു​​​സൈ​​​ൻ 471244
കെ. ​​​സു​​​ബ്ബ​​​റാ​​​വു 363971

1962
ഡോ. ​​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ 553067
ചൗ​​​ധ​​​രി ഹ​​​രി​​​റാം 6341
വൈ.​​​പി. തൃ​​​ശൂ​​​ലി​​​യ 3537

1957
ഡോ. ​​​രാ​​​ജേ​​​ന്ദ്ര​​​പ്ര​​​സാ​​​ദ് 459698
ചൗ​​​ധ​​​രി​​​ഹ​​​രി​​​റാം 2672
ന​​​ഗേ​​​ന്ദ്ര നാ​​​രാ​​​യ​​​ൺ​​​ദാ​​​സ് 2000

1952
ഡോ. ​​​രാ​​​ജേ​​​ന്ദ്ര​​​പ്ര​​​സാ​​​ദ് 507,400
കെ.​​​ടി. ഷാ 92,827


ജി​ജി ലൂ​ക്കോ​സ്