ന്യൂഡൽഹി: കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നത് സംബന്ധിച്ച് ഒരു ശിപാർശയും പരിഗണനയിലില്ലെന്നു കേന്ദ്ര സർക്കാർ. എന്നാൽ, കാർഷിക കടങ്ങളിൽ ഇളവുകൾ ലഭ്യമാക്കുന്ന തരത്തിൽ സൗകര്യങ്ങൾ ചെയ്തു നൽകിയിട്ടുണ്ടെന്നും സർക്കാർ ഇന്നലെ പാർലമെന്റിൽ വ്യക്തമാക്കി.
കർഷകരുടെ കടങ്ങൾ രാജ്യവ്യാപകമായി എഴുതിത്തള്ളുന്നതിന് ഒരു ശിപാർശയും പരിഗണനയിൽ ഇല്ലെന്നാണ് ഇന്നലെ പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിൽ സർക്കാർ വ്യക്തമാക്കിയത്. ഹ്രസ്വകാല വായ്പകൾക്കു സർക്കാർ പലിശയിളവ് ഏർപ്പെടുത്തിയിട്ടുണ്ടെ ന്നും കൃഷി സഹമന്ത്രി പുരുഷോത്തം രുപാല പറഞ്ഞു.
കാർഷിക ഉത്പാദനം വർധിപ്പിക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി വരികയാണെന്ന് കാർഷിക സഹമന്ത്രി എസ്.എസ് അലുവാലിയയും അറിയിച്ചു. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാ ബന്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
കാർഷിക കടങ്ങൾ എഴുതിത്തള്ളില്ല: കേന്ദ്രം
01:18 AM Jul 19, 2017 | Deepika.com