ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർഥി മീരാ കുമാറിനെതിരേ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ പരോക്ഷ വിമർശനമുന്നയിച്ചതിനു മറുപടിയായി വീഡിയോ ട്വീറ്റുമായി കോണ്‍ഗ്രസും രംഗത്ത്. മീരാ കുമാർ ലോക്സഭാസ്പീക്കറായിരിക്കേ, പ്രതിപക്ഷ നേതാവായിരുന്ന തന്റെ പ്രസംഗം തടസപ്പെടുത്തുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്.
പാർലമെന്റ് നടപടികൾ സുഗമമായി നടത്തിക്കൊണ്ടുപോകുന്ന മീരാ കുമാറിന്റെ നടപടികളെ പ്രശംസിക്കുന്ന സുഷമയുടെ വീഡിയോ ക്ലിപ്പിംഗാണ് കോണ്‍ഗ്രസ് മറുപടിയായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
രണ്ടാം യുപിഎ സർക്കാരിന്റെ അഴിമതി സംബന്ധിച്ച വിഷയം ഉന്നയിക്കുന്നതിനിടെ മീരാ കുമാർ ആറു മിനിറ്റിനിടയിൽ 60 തവണ തടസപ്പെടുത്തിയെന്നാണ് 2013ലെ വീഡിയോ ക്ലിപ്പിംഗ് പോസ്റ്റ് ചെയ്ത സുഷമയുടെ ആരോപണം. പ്രതിപക്ഷ നേതാവായിരുന്ന തന്നോടു ലോക്സഭാ സ്പീക്കറായിരുന്ന ആൾ ഇങ്ങനെയാണു പെരുമാറിയതെന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്. മീരാ കുമാർ തടസപ്പെടുത്താൻ ശ്രമിച്ചെന്ന തലക്കെട്ടോടെയുള്ള ഒരു പത്രവാർത്തയുടെ വെബ്സൈറ്റിന്റെ ലിങ്കും ഈ ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ, പ്രസംഗത്തിൽ ഇടപെടുന്നത് ഒഴിച്ചാൽ പ്രസംഗം ചുരുക്കണമെന്ന അഭ്യർഥനയാണ് മീരാ കുമാർ നടത്തിയതെന്നു വീഡിയോയിൽ വ്യക്തമാണെന്നു കോൺഗ്രസ് പറയുന്നു. ഇതു ചൂണ്ടിക്കാട്ടിയാണു സഭ സുഗമമായി നടത്തിക്കൊണ്ടുപോകുന്ന മീരാ കുമാറിനെ പ്രശംസിക്കുന്ന സുഷമ സ്വരാജിന്റെ വീഡിയോ കോണ്‍ഗ്രസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. സർക്കാരിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന മന്ത്രി പാർലമെന്റ് നടപടികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
മീരാ കുമാറിനെ ട്വിറ്ററിൽ വിമർശിച്ച സുഷമയ്ക്കു കോൺഗ്രസിന്റെ മറുപടി
01:37 AM Jun 27, 2017 | Deepika.com