ജമ്മു: കാഷ്മീരിലെ പൂഞ്ച് സെക്ടറിൽ പാക്കിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീം(ബാറ്റ്) ഇന്ത്യൻമണ്ണിൽ കടന്നുകയറി നടത്തിയ ആക്രമണത്തിൽ രണ്ടു ജവാന്മാർ വീരമൃത്യു വരിച്ചു. ഇന്ത്യൻ സൈന്യം നടത്തിയ ശക്തമായ പ്രത്യാക്രമണമത്തിൽ രണ്ടു പാക് സൈനികൻ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയിൽ 600 മീറ്ററോളം ഇന്ത്യൻമണ്ണിലേക്കു കടന്നുകയറിയാണു ബോർഡർ ആക്ഷൻ ടീം ആക്രമണം നടത്തിയത്. നുഴഞ്ഞുകയറാനായിരുന്നു അവർ ശ്രമിച്ചത്.
മറാഠാ ലൈറ്റ് ഇൻഫൻ ട്രിയിലെ സന്ദീപ് സർജിറാവു ജാദവ്, സവാൻ ബൽക്കു മാനെ എന്നിവരാണു വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർ.പാക്കിസ്ഥാൻ സൈനികരും കൊടും ഭീകരരും ചേർന്നു രൂപവത്കരിച്ച സേനയായ ബോർഡർ ആക്ഷൻ ടീം ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് പതിവു പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ സൈനികർക്കു നേർക്ക് ആക്രമണം നടത്തിയത്. ഇതേസമയംതന്നെ പാക് സൈനിക പോസ്റ്റിൽനിന്നും ആക്രമണമുണ്ടായി. പ്രദേശത്ത് ഇന്നലെ വൈകിയും വെടിവയ്പ് തുടരുകയാണ്. ഈ വർഷം പൂഞ്ചിൽ ബോർഡർ ആക്ഷൻ ടീം നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്.
ഇന്നലെ വടക്കൻ കാഷ്മീരിലെ കെരൻ സെക്ടറിൽ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. പാക് അധീന കാഷ്മീരിൽനിന്നാണു ഭീകരർ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ചത്.
പാക് ആക്രമണം; രണ്ടു സൈനികർക്കു വീരമൃത്യു
02:00 AM Jun 23, 2017 | Deepika.com