ന്യൂഡൽഹി: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ചവർ പാക്കിസ്ഥാനിലേക്കു പോകണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഘൈറൂൾ ഹസൻ റിസ്വി.
മീററ്റിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിനിടെയാണ് ന്യൂനപക്ഷ കമ്മീഷൻ ചെയർമാന്റെ വിവാദ പരാമർശം. പാക്കിസ്ഥാന്റെ വിജയത്തിൽ ആഘോഷിക്കുന്നവരുടെ മനസ് യഥാർഥത്തിൽ അവർക്കൊപ്പമാണെന്നും അങ്ങനെയുള്ളവർ പാക്കിസ്ഥാനിലാണ് ജീവിക്കേണ്ട തെന്നും അദ്ദേഹം പറഞ്ഞു.
പാക് ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ചവർക്കെതിരേ കേസെടുത്തതു സംബന്ധിച്ച് പ്രതികരണം തേടിയ മാധ്യമത്തോടും റിസ്വി ഇക്കാര്യം ആവർത്തിച്ചു. പാക് ടീമിന്റെ വിജയം ഇഷ്ടപ്പെട്ട ഇന്ത്യയിലെ ചില ആളുകൾ ഈദിനു മുന്പുള്ള ഈദ് ആണെന്നു വിശേഷിപ്പിച്ചിരുന്നു. പാക്കിസ്ഥാന്റെ വിജയത്തിൽ സന്തോഷിക്കുന്നവർ അവിടേക്കു പോകണം. അതല്ലെങ്കിൽ അവരുടെ ഹൃദയം പാക്കിസ്ഥാനിലായതിനാൽ അവിടേക്കു പറഞ്ഞയയ്ക്കണം: റിസ്വി പറഞ്ഞു. അതേസമയം, ചെയർമാൻ നടത്തിയ പരാമർശത്തെക്കുറിച്ചു പ്രതികരിക്കാൻ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷൻ ജോർജ് കുര്യൻ തയാറായില്ല.
പാക്കിസ്ഥാനിലേക്കു പോകണമെന്ന് ഘൈറൂൾ ഹസൻ റിസ്വി
01:51 AM Jun 23, 2017 | Deepika.com