ന്യൂഡൽഹി: മെഡിക്കൽ, ഡെന്റ ൽ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) ഫലം ഉടൻ പ്രസിദ്ധീകരിക്കും. ഇന്നലെ പ്രസിദ്ധീകരിക്കുമെന്ന് ഇന്നലെ രാവിലെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷന്റെ (സിബിഎസ്ഇ) സൈറ്റിൽ പറഞ്ഞിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ ഇതു മാറ്റി. ഉത്തരസൂചികയും ഉത്തരക്കടലാസും വെബ്സൈറ്റിൽ ഇട്ട് ആക്ഷേപങ്ങൾ തേടിയിരുന്നു.
വെബ്സൈറ്റ്: cbseneet.nic.in, cbseresults.nic.in.
കേരളത്തിൽ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് നടപടി ജൂലൈ നാലിന് ആരംഭിക്കുമെന്ന് പരീക്ഷാ കമ്മീഷണർ ഡോ. എം.ടി. റെജു തിരുവ നന്തപുരത്ത് അറിയിച്ചു. നീറ്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ ഒരാഴ്ചയ്ക്കകം സംസ്ഥാന റാങ്ക് ലിസ്റ്റ് തയാറാക്കാനാകും. ഓഗസ്റ്റ് 31ന് മെഡിക്കൽ പ്രവേശന നടപടികൾ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാൽ അലോട്ട്മെന്റ് നടപടി ക്രമങ്ങൾ ജൂലൈ നാലിന് ആരംഭിക്കണം.
തയാറാക്കിയ എംബിബിഎസ്, ബിഡിഎസ് പ്രവേശന ഷെഡ്യൂൾ പ്രകാരം ജൂലൈ ഒമ്പതിന് ഓപ്ഷൻ രജിസ്ട്രേഷൻ അവസാനിപ്പിക്കും. ജൂലൈ 10 ന് ഒന്നാംഘട്ട അലോട്ട്മെന്റും 18 ന് രണ്ടാം അലോട്ട്മെന്റും നടക്കും. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ സീറ്റുകളുടെ ലഭ്യത, ഫീസ് നിരക്ക് എന്നിവ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.
നീറ്റ് ഫലം ഉടൻ
01:02 AM Jun 21, 2017 | Deepika.com