ന്യൂഡൽഹി: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു മുന്നിൽ ദളിതരെ സോപ്പിട്ടു കുളിപ്പിച്ച് സെന്റും പൂശി നിർത്തി ഉത്തർപ്രദേശിലെ ഉദ്യോഗസ്ഥർ. ഉത്തർപ്രദേശിലെ കുശിനഗറിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശനം നടത്താനെത്തുന്പോൾ മുഖ്യമന്ത്രിയെ കാണമെങ്കിൽ സോപ്പിട്ടു കുളിച്ച് സെന്റും പൂശി വരണമെന്നാണു ദളിതരോട് ഉദ്യോഗസ്ഥർ പറഞ്ഞത്.
കുശിനഗറിലെ മെയിൻപൂർ കോട്ട് ഗ്രാമത്തിലെ മുഷാർ ബസ്തിയിലാണ് യോഗി സന്ദർശനം നടത്തിയത്. ഗ്രാമത്തിലെ എലിപിടിത്തക്കാരായ മുഷാർ സമുദായത്തിൽ പെട്ടവർ ഇന്നും അയിത്തവും തൊട്ടുകൂടായ്മയും അനുഭവിക്കുന്നവരാണ്. അവഗണിക്കപ്പെട്ടു കിടന്ന തങ്ങളുടെ ചേരിയിലേക്കു വലിയ ഉദ്യോഗസ്ഥർ എത്തിയപ്പോൾതന്നെ ഗ്രാമവാസികൾക്ക് അന്പരപ്പായിരുന്നു. വളരെ പെട്ടെന്നു തന്നെ ഗ്രാമത്തിൽ പുതിയ ശൗചാലയങ്ങൾ പണിതു. പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ മുഖം മിനുക്കി. ഉദ്യോഗസ്ഥർ തങ്ങൾക്ക് സോപ്പും ഷാന്പൂവും പെർഫ്യൂമുകളും തന്നെന്നും ഇവർ പറയുന്നു.
മുഖ്യമന്ത്രിയെ കാണാനെത്തുന്പോൾ ഇതെല്ലാം ഉപയോഗിച്ചിട്ടു വരണമെന്നാണ് ഇവരോട് നിഷ്കർഷിച്ചിരുന്നത്. കൊല്ലപ്പെട്ട പട്ടാളക്കാരന്റെ വീട്ടിൽ യോഗിയുടെ സന്ദർശനത്തിനു മുമ്പ് എയർ കണ്ടീഷണർ വച്ചതും സോഫയും കസേരകളും കൊണ്ടിട്ടതും മുമ്പു വിവാദമായിരുന്നു.
യോഗി പോയതിനു തൊട്ടു പിന്നാലെ തന്നെ ഉദ്യോഗസ്ഥരെത്തി എസിയും സോഫയും തിരിച്ചു കൊണ്ടുപോകുകയും ചെയ്തു.
ആദിത്യനാഥിനു മുന്നിൽ ദളിതരെ സോപ്പിട്ടു കുളിപ്പിച്ചു നിർത്തി ഉദ്യോഗസ്ഥർ
12:48 AM May 26, 2017 | Deepika.com