ന്യൂഡൽഹി: ചികിൽത്സയ്ക്കായി ബ്രിട്ടനിലേക്കു പോയ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാൻ വഹിച്ചിരുന്ന കൃഷി, ഉപഭോക്തൃകാര്യം, പൊതുവിതരണം എന്നീ വകുപ്പുകളുടെ ചുമതല കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി രാധാ മോഹൻ സിംഗിനു നൽകി. ചികിൽസ പൂർത്തിയാക്കി ജോലിയിൽ തിരിച്ചുവരുന്നതു വരെ പസ്വാൻ വകുപ്പില്ലാമന്ത്രിയായിരിക്കും.
എഴുപതുകാരനായ പസ്വാനെ ജനുവരിയിൽ ശ്വാസതടസത്തെത്തുടർന്ന് എയിംസിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയത്തിന്റെ ഇടത്തേ അറയിലെ തകരാറിനുള്ള ചികിത്സയ്ക്കാണു ലണ്ടനിൽ പോയതെന്നാണു റിപ്പോർട്ട്.
ജൂൺ 14 വരെ ലണ്ടനിലായിരിക്കും.
പാസ്വാനെ വകുപ്പില്ലാ മന്ത്രിയാക്കിയും അദ്ദേഹത്തിന്റെ വകുപ്പുകൾ കൃഷി മന്ത്രിക്കു നൽകിയുമുള്ള ഇതു സംബന്ധിച്ച വിജ്ഞാപനത്തിൽ രാഷ്ട്രപതി പ്രണാബ് മുഖർജി ഇന്നലെ വൈകുന്നേരം ഒപ്പുവച്ചതായി പ്രസ് സെക്രട്ടറി വേണു രാജാമണി അറിയിച്ചു.
പസ്വാൻ ചികിത്സയ്ക്കു ബ്രിട്ടനിലേക്ക്
12:48 AM May 23, 2017 | Deepika.com