ന്യൂഡൽഹി: ഉൗട്ടിക്കടുത്തു ലവ്ഡെയിലിലെ വിഖ്യാതമായ ദ ലോറൻസ് സ്കൂളിന്റെ 159-ാമതു സ്ഥാപക ദിനാഘോഷം രാഷ്ട്രപതി പ്രണാബ് മുഖർജി ഇന്ന് ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസത്തെ തമിഴ്നാട് സന്ദർശനത്തിനായി ഇന്നു രാവിലെ പ്രത്യേക വ്യോമസേനാ വിമാനത്തിൽ ഡൽഹിയിൽ നിന്നു തിരിക്കുന്ന രാഷ്ട്രപതി ഉച്ചകഴിഞ്ഞു മൂന്നിന് ലോറൻസ് സ്കൂളിലെ ചടങ്ങിൽ പങ്കെടുക്കും.
ഇതേസമയം, സുരക്ഷാ കാരണങ്ങളുടെ പേരിൽ നാളെ കാഞ്ചീപുരത്തു രാഷ്ട്രപതി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങ് റദ്ദാക്കി. ശ്രീരാമനുജാചാര്യരുടെ ആയിരാമതു ജയന്തി, ശ്രീശങ്കര ജയന്തി, ശ്രീപരമാചാര്യ ജയന്തി, ശ്യാമ ശാസ്ത്രികളുടെ 255-ാമത് ജയന്തി എന്നിവ സംയുക്തമായി ആഘോഷിക്കുന്ന ചടങ്ങാണ്.
ഹിന്ദി സിനിമാതാരം അക്ഷയ് ഖന്ന, എഴുത്തുകാരി അരുന്ധതി റോയി, സിനിമാ താരങ്ങളായ പ്രതാപ് പോത്തൻ, ഫഹദ് ഫാസിൽ, വിജയ് മേനോൻ, സനയ ഇറാനി, സംവിധായകൻ അൽഫോൻസ് പുത്രൻ, എഴുത്തുകാരൻ അമിഷ് ത്രിപാഠി, മഹീന്ദ്ര ഗ്രൂപ്പ് സിഎംഡി ആനന്ദ് മഹീന്ദ്ര, കെപിഎംജി ഇന്ത്യയുടെ ചെയർമാൻ അരുണ്‍ എം. കുമാർ, എച്ച്സിഎൽ ടെക്നോളജീസ് സിഇഒ സി. വിജയകുമാർ, അമേരിക്കയിൽ ബരാക് ഒബാമ ഭരണത്തിലെ വാണിജ്യ അണ്ടർ സെക്രട്ടറിയായിരുന്ന അരുണ്‍ കുമാർ തുടങ്ങി ഒട്ടേറെ പ്രമുഖർ ലോറൻസ് സ്കൂളിന്റെ സംഭാവനയാണ്.കേന്ദ്രസർക്കാർ നിയോഗിക്കുന്ന സമിതിക്കാണു സ്കൂളിന്റെ ഭരണച്ചുമതല.
ബ്രിട്ടീഷ് സൈന്യത്തിലെ മേജർ ജനറലും സ്കൂൾ സ്ഥാപകനുമായ സർ ഹെൻറി മോണ്ട് ഗോമറി ലോറൻസിന്റെ പേരിലാണു സ്കൂൾ. ബ്രിട്ടീഷ് സൈനികരുടെ മക്കൾക്കു വിദ്യാഭ്യാസം നൽകുന്നതിനായി 1847 ൽ ഹിമാചലിലെ സനാവറിലും 1856ൽ രാജസ്ഥാനിലെ മൗണ്ട് അബുവിലും ആരംഭിച്ച ശേഷമാണു ലവ്ഡെയിലിൽ സ്കൂൾ തുടങ്ങിയത്. ഉൗട്ടിയിൽ നിന്നു ആറു കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്ന് 7,200 അടി ഉയരത്തിലായി നീലഗിരി കുന്നുകളിലെ 750 ഏക്കറിലാണു ലോറൻസ് സ്കൂൾ പ്രവർത്തിക്കുന്നത്.
ലോറൻസ് സ്കൂൾ ആഘോഷം: രാഷ്ട്രപതി ഇന്ന് ഉൗട്ടിയിൽ
12:48 AM May 23, 2017 | Deepika.com