ന്യൂഡൽഹി: ജോലിയിലിരിക്കെ മരണമടയുന്ന ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) മാരുടെ ആശ്രിതർക്കു നിയമനം നല്കാനുള്ള വ്യവസ്ഥകൾ തപാൽവകുപ്പ് ഉദാരമാക്കി. നിയമനം സമയബന്ധിതവുമാക്കി. മൂന്നുമാസത്തിനകം നിയമനം നടത്തും.
മരണസാഹചര്യം എന്തായാലും മരിക്കുന്ന ജിഡിഎസിന്റെ ആശ്രിതരിൽ ഒരാൾക്കു നിയമനം നല്കും. നിയമനത്തിന് ഉയർന്ന പ്രായപരിധി ആവശ്യമെങ്കിൽ ഒഴിവാക്കും. ആശ്രിതരുടെ പട്ടിക പരിഷ്കരിച്ചു വിപുലമാക്കി. താഴെപ്പറയുന്നവരും ആശ്രിതരാകും. 1. ജിഡിഎസിന്റെ മരണദിവസം അയാളെ ആശ്രയിച്ചു മാതാപിതാക്കളോടൊപ്പം ജീവിച്ചിരുന്ന വിവാഹിതനായ മകൻ. 2. മരണാവസരത്തിൽ ജിഡിഎസ് മാത്രം ആശ്രയമായുള്ള വിവാഹമോചിതയായ മകൾ. 3. ജിഡിഎസിന്റെ ഏക മകൻ മരിച്ചുപോയാൽ അയാളുടെ വിധവ (ജിഡിഎസിനെ ആശ്രയിച്ചാണു കഴിയുന്നതെങ്കിൽ). ആശ്രിത പരിഗണന പരിശോധിക്കാൻ വച്ചിരുന്ന സർക്കിൾ റിലാക്സേഷൻ കമ്മിറ്റികൾ ഇല്ലാതാക്കി. അപേക്ഷ ലഭിച്ചു മൂന്നുമാസത്തിനുള്ളിൽ തീരുമാനം എടുക്കാനും നിർദേശിച്ചു.
ഗ്രാമീൺ ഡാക് സേവക്: ആശ്രിത നിയമന വ്യവസ്ഥ ഉദാരമാക്കി
01:14 AM Apr 29, 2017 | Deepika.com