മുംബൈ: ബോളിവുഡിലെ മുൻകാല നായകനും മുൻ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന(71) അന്തരിച്ചു. അർബുദത്തെത്തുടർന്നു മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. നിലവിൽ പഞ്ചാബിലെ ഗുരുദാസ്പുരിൽനിന്നുള്ള എംപിയാണു ഖന്ന. 2015ൽ പുറത്തിറങ്ങിയ ദിൽവാലെ ആണ് ഒടുവിലത്തെ ചിത്രം.
1968ൽ പുറത്തിറങ്ങിയ ‘മൻ ക മീത്’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ച ഖന്ന 141 ഓളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.1997 ൽ ബിജെപിയിൽ ചേർന്ന ഖന്ന 1998ൽ പഞ്ചാബിലെ ഗുർദാസ്പുർ മണ്ഡലത്തിൽനിന്ന് വിജയിച്ച് ലോക്സഭയിൽ എത്തി. 1999, 2004, 2014 തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. 2009ൽ മാത്രം പരാജയപ്പെട്ടു. 2002ൽ വാജ്പേയി സർക്കാരിൽ സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പ് മന്ത്രിയായി.
കവിതയാണു ഭാര്യ. നടന്മാരായ രാഹുൽ ഖന്ന, അക്ഷയ് ഖന്ന, സാക്ഷി, ശ്രദ്ധ എന്നിവരാണു മക്കൾ. ആദ്യ ഭാര്യ ഗീതാഞ്ജലിയിലുള്ള മക്കളാണ് രാഹുലും അക്ഷയ്യും.
വിനോദ് ഖന്ന അന്തരിച്ചു
01:19 AM Apr 28, 2017 | Deepika.com