കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് മത്സരത്തിനുവേണ്ടിയുള്ള നാലു പരിശീലന ഗ്രൗണ്ടുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. മഹാരാജാസ് ഗ്രൗണ്ട്, പനമ്പിള്ളിനഗര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഗ്രൗണ്ട്, ഫോര്‍ട്ടുകൊച്ചി വെളി ഗ്രൗണ്ട്, ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ട് എന്നിവയാണ് പരിശീലന മൈതാനങ്ങള്‍. ഇവയില്‍ മഹാരാജാസ് ഗ്രൗണ്ടിന്റെയും പനമ്പിള്ളിനഗര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഗ്രൗണ്ടിന്റെയും നിര്‍മാണ,നവീകരണ പ്രവര്‍ത്തനങ്ങള്‍ 90 ശതമാനവും പൂര്‍ത്തിയായതായി കരാറുകാര്‍ അറിയിച്ചു.
മഹാരാജാസ് ഗ്രൗണ്ടില്‍ പുല്ല് വച്ചുപിടിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിച്ചു. സ്റ്റേഡിയത്തിലെ മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിച്ചശേഷം മാത്രമാണ് പുല്ല് വച്ചുപിടിപ്പിക്കല്‍ ആരംഭിക്കുക. തിങ്കളാഴ്ച ആരംഭിച്ച പുല്ലുവച്ചുപിടിപ്പിക്കല്‍ ഇന്നലെ വൈകുന്നേരത്തോടെ പൂര്‍ത്തിയായതായി കരാറുകാരായ സ്പോര്‍ട്സ് ടര്‍ഫ് ആന്‍ഡ് ഗോള്‍ഫ് എന്റര്‍പ്രൈസസ് അധികൃതര്‍ പറഞ്ഞു. ഡ്രെയിനേജ് ഉള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാനസൗകര്യങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. പുല്ല് 15 ദിവസം കൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തും. ഇത് വെട്ടി ലെവല്‍ ചെയ്യുന്ന ജോലികളും ഈമാസം അവസാനത്തോടെ പൂര്‍ത്തീകരിക്കും. കൂടാതെ ഫോര്‍ട്ടുകൊച്ചി വെളി ഗ്രൗണ്ടിലെയും പരേഡ് ഗ്രൗണ്ടിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ തന്നെയാണ് നടത്തുന്നത്. ഇതില്‍ വെളി ഗ്രൗണ്ടില്‍ അടുത്തയാഴ്ചയും പരേഡ് ഗ്രൗണ്ടില്‍ മേയ് ആദ്യവാരവും പുല്ല് നടാനാവും വിധത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും മേയ് 15നകം തന്നെ മൂന്നു ഗ്രൗണ്ടുകളും കൈമാറുമെന്നും കരാറുകാര്‍ അറിയിച്ചു.
പനമ്പിള്ളിനഗര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഗ്രൗണ്ടിലെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് രണ്ടു ദിവസത്തിനകം പുല്ല് നടുന്ന ജോലികള്‍ ആരംഭിക്കുമെന്ന് കരാറുകാരനായ വി.എം.സാജിദ് പറഞ്ഞു. അണ്ടര്‍ 17 ലോകകപ്പിനുവേണ്ടി കൊച്ചിയില്‍ നടത്തിവരുന്ന മുന്നൊരുക്കങ്ങളില്‍ കഴിഞ്ഞമാസം പരിശോധനയ്ക്കെത്തിയ ഫിഫസംഘം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുഖ്യവേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെയും നാലു പരിശീലന ഗ്രൗണ്ടുകളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താത്തതിനാല്‍ ഫിഫസംഘം മേയ് 15 വരെ വീണ്ടും സമയം നീട്ടി നല്‍കിയിരുന്നു.
അണ്ടര്‍ 17 ലോകകപ്പ്: പരിശീലന ഗ്രൗണ്ടുകളുടെ നവീകരണം ദ്രുതഗതിയില്‍
12:36 AM Apr 19, 2017 | Deepika.com