എടൂർ: കുട്ടികളിൽ സേവന മനോഭാവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ എടൂർ സെന്റ് മേരീസ് എച്ച് എസ് എസിലെ എൻഎസ്എസ് വിദ്യാർഥികൾ സേവന പ്രവർത്തനത്തിലൂടെ മാതൃകയാവുകയാണ്. ഈ വർഷം തന്നെ രണ്ടു ഭവനരഹിതർക്കു വീട് നിർമിച്ചുനൽകി.
കൊട്ടുകപ്പാറ കോളനി ദത്തെടുത്തുകൊണ്ടു സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെടുന്നവരുടെ കണ്ണീർ ഒപ്പുകയാണ് ഈ കൊച്ചു വോളണ്ടിയർമാർ . കോളനി ശുചീകരിക്കാനും പ്ലാസ്റ്റിക് ശേഖരിച്ചു റീസൈക്ലിംഗിനായി അയക്കാനും ജീവജന്യ രോഗങ്ങളെ പറ്റി ക്ലാസെടുക്കാനും ഇവർ മുന്നിട്ടിറങ്ങി. സ്കൂളിൽ പോകാൻ മടിച്ചിരുന്ന വിദ്യാർഥികൾക്കായി വസ്ത്രവും പഠനകിറ്റും വിതരണം ചെയ്തു. പതിനെട്ടു വയസു പൂർത്തിയായവരെ പിഎസ്സിക്കായി രജിസ്റ്റർ ചെയ്തു. എടൂരിലെ സ്നേഹഭവൻ അനാഥാലയത്തിലെ മൂന്ന് കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്തു. ഇവർക്കായി ഒരു ലൈബ്രറി നിർമിച്ചു നൽകി. നാനൂറോളം ബുക്കുകൾ ഇവർ സംഭാവന ചെയ്തു.
എടൂരിലെ മൈത്രിഭവനിൽ എല്ലാ വ്യാഴാഴ്ചയും വോളണ്ടിയർമാർ സ്വഭവനത്തിൽ നിന്നും ഉച്ചയൂൺ തയാറാക്കി നല്കുന്നു. ശാരീരികമായി തളർന്ന വൃദ്ധ മാതാപിതാക്കൾക്കായി വീൽചെയറും നൽകി.
പ്രകൃതിയോട് ചേർന്നു നിന്ന് ജൈവ പച്ചക്കറി കൃഷിയും ഔഷധത്തോട്ടവും നിർമിച്ചു. പുഴ ശുചീകരണം തടയണ നിർമാണം എന്നിവയും ഇവർ ചെയ്തു.
ആരോഗ്യ മേഖലയിൽ നടത്തുയ സേവനങ്ങളും സ്തുത്യർഹമാണ് . വൃക്കരോഗ നിർണയ ക്യാമ്പ് നാട്ടുകാർക്ക് വളരെ ഉപയോഗപ്രദമായി. അധ്യാപകരും നാട്ടുകാരും തങ്ങളുടെ അവയവദാന സമ്മതപത്രം ഒപ്പിട്ടുനൽകി. ഫാ.ഡേവിഡ് ചിറമേൽ സമ്മത പത്രങ്ങൾ ഏറ്റുവാങ്ങി. ധാരാളം വ്യക്തികൾക്ക് ചികിത്സാധന സഹായം നൽകി. സ്വന്തം സ്കൂളിൽ പത്തു കുട്ടികൾക്ക് പഠന കിറ്റ് വിതരണം ചെയ്യുകയും ചെയ്തു. പിയർ ഗ്രൂപ്പ് സ്റ്റഡി , പിഎസ്സി കോച്ചിംഗ് ആംഗ്യഭാഷ പഠനം എന്നിവയും വ്യത്യസ്തമാകുന്നു.
സേവന പാതയിൽ എൻഎസ്എസ് വോളണ്ടിയർമാർ
01:47 AM Apr 07, 2017 | Deepika.com