വേനലവധി പാഠശാല 16 മുതൽ
01:34 AM Apr 07, 2017 | Deepika.com
പാലോട്: കളിയും ചിരിയും വിജ്ഞാനവും പങ്കിട്ട് വേനലവധിക്ക് പുതുമയുടെ പാഠശാലയൊരുക്കുകയാണ് അറിവോരം എന്ന പേരിൽ പ്ലാവറ കൈരളി ഗ്രന്ഥശാല. നാലു മുതൽ ഒന്‍പതാം ക്ലാസുവരെയുള്ളവർക്കായി പേരക്കുഴി ഗവ. എൽപിഎസിൽ 16 മുതൽ 23 വരെയാണ് അറിവോരം സംഘടിപ്പിക്കുന്നത്. 16 ന് രാവിലെ 10 ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു വേനലവധി പാഠശാലക്ക് തിരിതെളിക്കും. തുടർന്ന് സംഗീത താള വിദഗ്ധരായ അജീഷ് കോഴിക്കോടും ഷൈജു അക്കട്ടൂരും ചേർന്ന് കുട്ടികൾക്ക് താളമേളമൊരുക്കും. 17 ന് ചെപ്പടിവിദ്യയുടെ ഉള്ളുതെളിച്ച് മജീഷ്യൻ അശ്വിൻ ക്ലാസെടുക്കും. 18 ന് ജൈവകൃഷിയുടെ നല്ലപാഠവുമായി നന്ദിയോട് കൃഷി ഓഫീസർ എസ്. ജയകുമാർ കുട്ടികളോട് സംവദിക്കും. 19 ന് മിനിസ്ക്രീൻ ആർട്ടിസ്റ്റ് അസിംപള്ളിവിള കുട്ടികളോടൊപ്പം ചേരും. 20ന് ഇലക്ട്രോണിക് മേഖലയിലെ ലഘു തൊഴിലിൽ സതീന്ദ്രൻ പന്തലക്കോട് പരിശീലനം നൽകും. 21 ന് മൊബൈൽഫോണ്‍,കംപ്യൂട്ടർ വഴികളിലെ നെല്ലും പതിരും ചികഞ്ഞ് ഫാ. സിബിൻപോൾ പ്രസംഗിക്കും. 22 ന് കോട്ടൂർ ആനക്കൊട്ടിലിലേക്ക് വിനോദയാത്ര. 23 ന് പാചക കലയിലെ രുചിഭേദമൊരുക്കി പരിശീലനം. വൈകിട്ട് പഠനശാലയുടെ സമാപനം ഡി. കെ. മുരളി എംഎൽഎ ഉദ്ഘാടനം ചെയ്യും. വിവരങ്ങൾക്ക്-9497841000, 9446178400, 9446450765.