മഞ്ഞപ്ര: മഞ്ഞപ്ര മാർ സ്ലീവാ ഫൊറോന പള്ളിയിൽ ബൈബിൾ പ്രയാണത്തിനു തുടക്കമായി. രണ്ടിന് ആരംഭിച്ച ബൈബിൾ പ്രയാണം നാളെ സമാപിക്കും. വൈകുന്നേരം 4.30 ന് വിശുദ്ധ കുർബാനയെ തുടർന്ന് കരിങ്ങാലിക്കാട് സെന്റ് സെബാസ്റ്റ്യൻ കപ്പേളയിലേക്കാണ് പ്രയാണം ആരംഭിച്ചത്. തുടർന്ന് സാൻജോപുരം, പുതുമന സെന്റ് സെബാസ്റ്റ്യൻസ് കപ്പേള, ശാന്തിനഗർ സെന്റ് ആന്റണീസ് കപ്പേള, നടമുറി സെന്റ് റോക്കീസ് കപ്പേള എന്നിവിടങ്ങളിൽ പ്രയാണം നടത്തി.
ഇന്ന് മരിയാപുരം സെന്റ് മേരീസ് കപ്പേളയിലേക്കു പ്രയാണം നടക്കും. സമാപന ദിനമായ എട്ടിന് നാളെ വടക്കുംഭാഗം സെന്റ് സെബാസ്റ്റ്യൻസ് കപ്പേളയിലേക്കു പ്രയാണം നടക്കും. തുടർന്ന് പള്ളിയിലേക്കു ആഘോഷമായ ബൈബിൾ റാലി, സമാപന ആശിർവാദം എന്നിവയുണ്ടാകും. നോന്പുകാല ധ്യാനം 10 മുതൽ 12 വരെ നടക്കും. ധ്യാനത്തിനു മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ഫാ. ഫ്രാൻസീസ് കർത്താനവും ടീമുമാണ് നേതൃത്വം നൽകുന്നത്.
ധ്യാന ദിവസങ്ങളിൽ രാവിലെ 6.30 ന് വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് ജപമാല, വിശുദ്ധ കുർബാന, വചനപ്രഘോഷണം, ആരാധന എന്നിവയുണ്ടാകും. പരിപാടികൾക്കു ഫൊറോന വികാരി ഫാ. ജോബ് കൂട്ടുങ്കൽ, സഹ വികാരിമാരായ ഫാ. ജിന്റോ പടയാട്ടിൽ, ഫാ. ലിജോ വടക്കേമുറി, ഫാ. ആന്റണി മഴുവഞ്ചേരി എന്നിവർ നേതൃത്വം നൽകും.
മഞ്ഞപ്ര പള്ളിയിൽ ബൈബിൾ പ്രയാണത്തിനു തുടക്കം
01:24 AM Apr 07, 2017 | Deepika.com