ന്യൂഡൽഹി: പ്രൊവിഡന്റ് ഫണ്ടിൽനിന്നു പണം പിൻവലിക്കുന്നതിന് ആധാർ നിർബന്ധമാക്കിയ നടപടി എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പിൻവലിച്ചു. പിഎഫ് അക്കൗണ്ടിൽനിന്നു തുക ഭാഗികമായോ പൂർണമായോ പിൻവലിക്കുന്നതിന് ആധാർ നന്പർ നൽകണമെന്നതു നിർബന്ധമല്ലെന്ന് ഇപിഎഫ്ഒ ഉദ്യോഗസ്ഥൻ അറിയിച്ചു. പത്തു വർഷത്തിൽ കുറയാത്ത സർവീസുള്ളവർക്ക് 10 സി അപേക്ഷാ ഫോമിലൂടെ പണം അന്തിമമായി പിൻവലിക്കാമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഇപിഎഫ് തുക പിൻവലിക്കുന്നതിന് ആധാർ നന്പർ നിർബന്ധമാക്കിയതിനെതിരേ ഉണ്ടായ എതിർപ്പുകളെ തുടർന്നാണ് നടപടി പിൻവലിക്കാൻ ഇപിഎഫ്ഒ തീരുമാനിച്ചത്. ഇപിഎഫ് അക്കൗണ്ടുള്ളവർ ആധാർ നന്പർ ബന്ധിപ്പിക്കുന്നതിനു നേരത്തെ ഫെബ്രുവരി 28 വരെയാണ് സമയം അനുവദിച്ചിരുന്നത്. പിന്നീട് അത് മാർച്ച് 31 വരെ നീട്ടി. ഇതാണ് പൂർണമായി പിൻവലിച്ചത്. പണം പിൻവലിക്കുന്നതിനുള്ള 10 സി ഫോം ഉപയോഗിക്കുന്നവർക്ക് ആധാർ നന്പർ നിർബന്ധമായിരിക്കില്ല. എന്നാൽ, പെൻഷൻ തുക കണക്കാക്കുന്നതിനുള്ള 10 ഡി ഫോം ഉപയോഗിക്കുന്നവർ ആധാർ നന്പരോ എൻറോൾമെന്റ് സ്ലിപ്പുകളോ സമർപ്പിക്കണമെന്നും ഇപിഎഫ്ഒ ഉദ്യോഗസ്ഥർ പറഞ്ഞു.
പിഎഫ് തുക പിൻവലിക്കൽ, പെൻഷൻ തുക കണക്കാക്കൽ എന്നിവ ഓണ്‍ലൈൻ വഴിയാക്കുന്നതു മേയ്മാസത്തോടെ ആരംഭിക്കും. തുക പിൻവലിക്കുന്നതിനും പെൻഷൻ തുക കണക്കാക്കുന്നതിനും ഒരു കോടിയോളം അപേക്ഷകളാണ് പ്രതിവർഷം ഇപിഎഫ്ഒയ്ക്കു ലഭിക്കുന്നത്. നടപടികൾ ഓണ്ലൈനിലൂടെയാക്കിയാൽ മൂന്നു മണിക്കൂറിനുള്ളിൽ അതു പൂർത്തിയാക്കുന്ന വിധത്തിലാണ് സജ്ജമാക്കുന്നതെന്നും ഇപിഎഫ്ഒ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പിഎഫ് പണം പിൻവലിക്കാൻ ആധാർ വ്യവസ്ഥ പിൻവലിച്ചു
03:39 AM Mar 01, 2017 | Deepika.com