മാനന്തവാടി: കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ജയിൽമോചിതരായ ആദിവാസികൾക്ക് മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് ജഷീർ പള്ളിവയലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
പയ്യന്പള്ളി കോളനിയിലെ മാക്കമ്മ (72), ഒണ്ടയങ്ങാടി പുതുവ മേഴ്സി (40), കൽപ്പറ്റ മുണ്ടേരിപ്പൊയിൽ കോളനിയിലെ ശ്രീജിത്ത് (26), വെള്ളമുണ്ട കട്ടയാട് പിള്ളേരി കോളനിയിലെ കമല (26), വെള്ളമുണ്ട മേച്ചേരി കോളനിയിലെ ബിന്ദു (26), മുണ്ടത്തി (60), മാധവി (49). പയ്യന്പള്ളി പൊട്ടൻകൊല്ലി കോളനിയിലെ സുശീല (42), ജോച്ചി (40), ഒണ്ടയങ്ങാടി പാട്ടവയൽ കോളനിയിലെ ചിറ്റാംഗി (62) എന്നിവർക്കാണ് ക്ലബ് കുന്നിൽ ജില്ലാ ജയിൽ പരിസരത്ത് സ്വീകരണം നൽകിയത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ വള്ളിയൂർകാവ് റോഡിലെ ബിവറേജസ് ഒൗട്ട്ലെറ്റ് ഉപരോധത്തിനിടെയാണ് മദ്യശാല വിരുദ്ധ സമരസമിതി പ്രവർത്തകരായ ഇവർ അറസ്റ്റിലും പിന്നീട് റിമാൻഡിലുമായത്. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതടക്കം കുറ്റങ്ങൾക്ക് ജാമ്യം കിട്ടാത്ത വകുപ്പുകൾ പ്രകാരമാണ് ആദിവാസികൾക്കെതിരെ കേസെടുത്തത്.
സമരസ്ഥലത്ത് പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യം ലഭിച്ച ആദിവാസികൾക്ക് സ്വീകരണം നൽകി
12:44 AM Apr 07, 2017 | Deepika.com