കൽപ്പറ്റ: തിരുവനന്തപുരത്ത് ബുധനാഴ്ച നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് മലപ്പുറം ഒഴികെ ജില്ലകളിൽ ആഹ്വാനം ചെയ്ത ഹർത്താൽ അനുകൂലികൾ കൽപ്പറ്റയിൽ ബാങ്കുകളുടെ പ്രവർത്തനം തടഞ്ഞു.
രാവിലെ തുറന്ന ജില്ലാ സഹകരണ ബാങ്കിന്റെ മുഖ്യ കാര്യാലയം, വൈത്തിരി താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക്, ഓറിയന്റൽ ബാങ്ക് ശാഖ എന്നിവയാണ് അടപ്പിച്ചത്. വാട്ടർ അഥോറിറ്റി, പിഡബ്ല്യുഡി ഓഫീസുകളുടെ പ്രവർത്തനവും തടസപ്പെടുത്തിയ യുഡിഎഫ് പ്രവർത്തകർ മുൻസിപ്പൽ ഓഫീസ് പരിസരത്തെ കടകളും അടപ്പിച്ചു. രാവിലെ എട്ടരയോടെ കൽപ്പറ്റ ചുങ്കത്ത് കെഎസ്ആർടിസി ബസ് തടഞ്ഞത് നേരിയ സംഘർഷത്തിനു കാരണമായി. കോഴിക്കോട് ഭാഗത്തുനിന്നു വരികയായിരുന്ന ബസ് റോഡിൽ കിടന്നാണ് ഹർത്താൽ അനുകൂലികൾ തടഞ്ഞത്. വഴിതടഞ്ഞവരെ പോലീസ് പിടിച്ചുമാറ്റിയാണ് ബസ് കടത്തിവിട്ടത്. ചുങ്കത്ത് കാറുകളും സമരക്കാർ തടഞ്ഞിട്ടു. അതേസമയം ഇരുചക്രവാഹനങ്ങൾ തടസമില്ലാതെ ഓടി.
ഹർത്താൽ കൽപ്പറ്റയിലും മാനന്തവാടി, സുൽത്താൻ ബത്തേരി, പുൽപ്പള്ളി, പനമരം എന്നിവിടങ്ങടക്കം ജില്ലയിലെ ഇതര പട്ടണങ്ങളിലും ഹർത്താൽ പൂർണമായിരുന്നു. മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് മിക്കയിടങ്ങളിലും പ്രവർത്തിച്ചത്. സർക്കാർ ഓഫീസുകളിൽ ഹാജർ വളരെ കുറവായിരുന്നു .
ബാങ്കുകളുടെ പ്രവർത്തനം തടഞ്ഞു
12:44 AM Apr 07, 2017 | Deepika.com