അലങ്കാര കളിമൺപാത്ര നിർമാണ കൗതുകംവിലയ്ക്കെടുക്കാൻ ജനത്തിരക്കേറുന്നു

11:39 PM Apr 06, 2017 | Deepika.com
ചിറ്റൂർ: ചങ്ങലയിൽ തൂക്കുവിളക്കും റാന്തലും അമ്പലമണിയും ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ കളിമണ്ണിൽ നിർമിച്ച് പുതുനഗരം സ്വദേശിയുടെ മൺപാത്ര വില്പനയ്ക്കു ജനപ്രീതിയേറി. പുതുനഗരം–തത്തമംഗലം പ്രധാനപാത കൊശക്കടയിൽ രതിയുടെ വീടിനു മുന്നിലാണ് മൺപാത്രങ്ങൾ വില്പനയ്ക്കു വച്ചിരിക്കുന്നത്.കുടിവെള്ളസംഭരണി, കൂജ, ഭരണി, ജഗ്, പാചകപാത്രങ്ങൾ എന്നിവയെല്ലാം വില്പനയ്ക്കുണ്ട്. അമ്പതുവർഷംമുമ്പ് മൺപാത്രങ്ങൾ വ്യാപകമായി ഉപയോഗിച്ചിരുന്നെങ്കിലും അലുമിനിയം, സ്റ്റീൽ പാത്ര വരവോടെ ഇവയുടെ ഉപയോഗം നിലയ്ക്കുകയായിരുന്നു.

വർത്തമാനകാലത്തെ ജനങ്ങൾക്ക് മൺപാത്രങ്ങൾ ഉപയോഗിക്കുന്നതിനെപ്പറ്റി അറിവില്ലെന്നു തന്നെ പറയാം. ഭക്ഷണം പ്രകൃതിദത്തവും രുചികരവുമായ രീതിയിൽ പാകംചെയ്യാൻ മൺപാത്രങ്ങൾക്കേ കഴിയൂ.

കൊശക്കടയിലെ രതിയുടെ റോഡുവക്കത്തെ പ്രദർശന വില്പനകേന്ദ്രത്തിലെത്തി നിരവധിയാത്രക്കാരാണ് മൺപാത്രങ്ങൾ വാങ്ങുന്നത്. പാത്രങ്ങൾക്കു വില കൂടുതലാണെങ്കിലും വില്പനയിൽ കുറവില്ല. തമിഴ്നാട്ടിൽനിന്നും വാഹനങ്ങളിൽ കുടുംബസമേതം പോകുന്നവരാണ് പാത്രങ്ങൾ വാങ്ങുന്നവരിലേറെയും. മാതാപിതാക്കൾ പാരമ്പര്യമായി ചെയ്തുവന്ന തൊഴിൽ പിന്തുടരുന്നതിൽ അഭിമാനമുണ്ടെന്നും ജീവിതത്തിനുള്ള വരുമാനം ഇതുവഴി ലഭിക്കുന്നതായും രതി പറഞ്ഞു.