ഹർത്താൽ സേവനദിനമാക്കിഒരുപറ്റം യുവാക്കൾ

11:39 PM Apr 06, 2017 | Deepika.com
കാഞ്ഞിരപ്പുഴ: അപ്രതീക്ഷിതമായി വീണുകിട്ടിയ ഹർത്താൽ ദിനം ജനസേവനദിനമാക്കി ഒരുകൂട്ടം യുവാക്കൾ മാതൃകയായി. കാഞ്ഞിരപ്പുഴ–അക്കിയംപാടം യൂത്ത്ലീഗ് പ്രവർത്തകരാണ് ഹർത്താൽ ജനസേവനദിനമായി ആചരിച്ചത്.

സേവന ദിനാചരണത്തിന്റെ ഭാഗമായി പൊട്ടിപൊളിഞ്ഞ് കിടക്കുന്ന റോഡുകൾ ഗതാഗതയോഗ്യമാക്കി. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പതിമൂന്നാംവാർഡിൽ ഉൾപ്പെടുന്ന അക്കിയംപാടത്ത് പൊട്ടിപൊളിഞ്ഞ് കിടന്നിരുന്ന റോഡാണ് അക്കിയംപാടം യൂത്ത്ലീഗ് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗതാഗതയോഗ്യമാക്കിയത്.

പഞ്ചായത്ത്് യൂത്ത്ലീഗ് ജനറൽസെക്രട്ടറി മുസ്തഫ താഴത്തേതിൽ ഉദ്ഘാടനം ചെയ്തു. നജീബ് കോടൻകാടൻ, റമീസ് മാട്ടുമ്മൽ, ഇക്ബാൽ ചെട്ടിയാംതൊടി, ഫാസിൽ ചൊട്ടിയാംതൊടി, ഷിബിൽ, റംഷാദ്, ഗഫൂർ, റിഷാദ്, സൊത്തുപ്പ, റഹീസ്, സൽമാൻ, ഫായിസ്, അൻഫാസ് തുടങ്ങിയവർ നേതൃത്വം നൽകി.